അമേരിക്ക അടക്കമുള്ള രാജ്യങ്ങളിലേക്ക് ഇന്ത്യയില്‍ നിന്നുള്ള ചെമ്മീന്‍ കയറ്റുമതി നിരോധനത്തിന് പരിഹാരം കാണാന്‍ ഇടപെടലുമായി കേന്ദ്രസര്‍ക്കാര്‍. ഇതിന്‍റെ ഭാഗമായി കടലാമകളെ സംരക്ഷിക്കാനുള്ള ടെഡ് സംവിധാനം മല്‍സ്യതൊഴിലാളികള്‍ക്ക് വിതരണം ചെയ്തു തുടങ്ങി. കേരളത്തില്‍ കോഴിക്കോട് ബേപ്പൂരില്‍ മാത്രം 310 ടെഡുകളാണ് സൗജന്യമായി വിതരണം ചെയ്തത്.   മല്‍സ്യഫെഡിനാണ് ടെഡ് വിതരണത്തിന്‍റെ ഏകോപനച്ചുമതല.

 മല്‍സ്യബന്ധനത്തിനിടെ വലയില്‍ കുടുങ്ങുന്ന കടലാമകളെ സുരക്ഷിതമായി രക്ഷപ്പെടുത്താനാണ് ടര്‍ട്ടില്‍ എക്സ്ക്ലൂഡര്‍ ഡിവൈസ് അഥവാ ടെഡ്. ആഴക്കടല്‍ മല്‍സ്യബന്ധനത്തിനിടെ വലയില്‍ കുടുങ്ങുന്ന കടലാമകള്‍ക്ക് സാധാരണ ഗതിയില്‍ രക്ഷപ്പെടാന്‍ കഴിയില്ല. എന്നാല്‍ മല്‍സ്യബന്ധന ബോട്ടിന് മുന്നില്‍ ടെഡ് സ്ഥാപിച്ചാല്‍ വലയില്‍ കുടുങ്ങുന്ന ആമകള്‍ക്ക് ടെഡിലെ പ്രത്യേക ദ്വാരത്തിലൂടെ പുറത്തുകടക്കാനാകും. അതുവഴി കടലാമകളുടെ വംശനാശ ഭീഷണി കുറക്കാനാകും. വംശനാശ ഭീഷണി നേരിടുന്ന കടല്‍ ജീവികളുടെ സംരക്ഷണത്തിനായി നടപടിയെടുക്കാത്തതിന്‍റെ പേരിലാണ് ഇന്ത്യയില്‍ നിന്നുള്ള ചെമ്മീന്‍ ഇറക്കുമതി അമേരിക്ക അടക്കമുള്ള രാജ്യങ്ങള്‍ നിരോധിച്ചത്. 

കോഴിക്കോട് ബേപ്പൂരില്‍ ആദ്യഘട്ടമായി 310 ടെഡുകള്‍ വിതരണം ചെയ്തുകഴിഞ്ഞു. അടുത്ത ഘട്ടത്തില്‍ സംസ്ഥാനത്തെ എല്ലാ ഹാര്‍ബറുകളിലേയ്ക്കും ടെഡുകള്‍ എത്തിക്കും. ഒരു ടെഡിന് മുപ്പതിനായിരം രൂപ ചെലവ് വരും. മല്‍സ്യതൊഴിലാളികള്‍ക്ക് ഇവ സൗജന്യമായി നല്‍കാന്‍ കേന്ദ്രം പ്രത്യേക ഫണ്ടും അനുവദിച്ചിട്ടുണ്ട്. 

ENGLISH SUMMARY:

Shrimp export ban India solution is underway as the central government begins distributing Turtle Excluder Devices (TED) to fishermen to protect sea turtles. This initiative aims to lift export restrictions imposed by countries like the US by ensuring sustainable fishing practices