അനധികൃത സ്വത്ത് സമ്പാദിച്ചെന്ന കേസില്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന മുന്‍ ഡി.ജി.പി ടോമിന്‍ തച്ചങ്കരിക്കെതിരെ ആരോപണവുമായി മുന്‍ ഡിജിപിയും തിരുവനന്തപുരം കൗണ്‍സിലറുമായ ആര്‍.ശ്രീലേഖ. തച്ചങ്കരിക്ക് ജയിലില്‍ കൂടുതല്‍ സൗകര്യങ്ങള്‍ നല്‍കുന്നെന്ന് ശ്രീലേഖ തന്റെ യൂട്യൂബ് വിഡിയോയിലൂടെ ആരോപിക്കുന്നു.
കോടതി ശിക്ഷിച്ച ഒരു തടവുപുള്ളിയെ ജയിലില്‍ കൊണ്ടുവന്നാല്‍ തുടര്‍ന്നുള്ള നടപടികള്‍ക്കെല്ലാം നിയമമുണ്ടെന്ന് പറയുന്ന ശ്രീലേഖ അവ വിശദീകരിക്കുന്നുണ്ട്. ജയിലിലേക്ക് കയറ്റുമ്പോള്‍ തന്നെ ജയില്‍ ഉദ്യോഗസ്ഥര്‍ സൂക്ഷമമായി പരിശോധിക്കും. വസ്ത്രങ്ങളെല്ലാം അഴിച്ച് നഗ്നനാക്കിയാണ് പരിശോധന. അതിന് ശേഷം ജയില്‍ വസ്ത്രം നല്‍കും. കിടക്കാന്‍ പായയും ചുരുട്ടിക്കൊടുക്കും. കൂടാതെ പാത്രവും ഗ്ളാസും നല്‍കും. അതുമായി വേണം സെല്ലിലേക്ക് പോകാന്‍. അവിടെ മറ്റ് തടവുകാര്‍ക്കൊപ്പം തറയില്‍ പായ വിരിച്ച് വേണം കിടക്കാനെന്നാണ് ശ്രീലേഖ പറയുന്നത്.
എന്നാല്‍ തച്ചങ്കരിയെ കൊണ്ടുവന്നത് പൊലീസ് വണ്ടിയില്‍ നേരെ ജയിലിലെ ആശുപത്രി ബ്ളോക്കിലേക്കാണ്. അവിടെ നല്ല കട്ടിലുണ്ട്. മെത്തയും പുതപ്പുമെല്ലാം കൊടുക്കും. ഓരോ കട്ടിലിന് മുകളിലും ഫാനുമുണ്ട്. ഇതും പോരാഞ്ഞിട്ട് തച്ചങ്കരിക്ക് മാത്രമായി കൂളറും അനുവദിച്ചിട്ടുണ്ടെന്നാണ് ഒരു ജീവനക്കാരന്‍ തന്നോട് പറഞ്ഞതെന്നും ആരോപിക്കുന്നു. ഇതുകൂടാതെ ഉറക്കം കിട്ടാനായി മരുന്നുകളും ഡോക്ടര്‍മാര്‍ നല്‍കുന്നുവെന്നും പറയുന്നു
എന്നാല്‍ ഈ സൗകര്യമൊക്കെ എന്ന് അവസാനിപ്പിച്ച് ജയിലിലെ സെല്ലില്‍ പോയി തറയില്‍ കിടക്കുന്നോ അതിന് ശേഷം മാത്രമേ തച്ചങ്കരിക്ക് ജാമ്യം കിട്ടൂവെന്നാണ് തന്‍റെ മനസ് പറയുന്നതെന്നും ശ്രീലേഖ പറയുന്നുണ്ട്. കാരണം കര്‍മഫലം അനുഭവിക്കാതെ ആരും രക്ഷപെടില്ലെന്നാണ് ശ്രീലേഖയുടെ വാദം. ഒരേ ബാച്ചുകാരാണ് ശ്രീലേഖയും ടോമിന്‍ തച്ചങ്കരിയും. അന്ന് മുതല്‍ തന്നെ ഐ.പി.എസിലെ ശത്രുക്കളെന്നാണ് ഇരുവരും അറിയപ്പെടുന്നത്. സെപ്റ്റംബര്‍ 17 ാം തീയതി മുതല്‍ തച്ചങ്കരി ജയിലിലാണ്. ജാമ്യത്തിനായുള്ള അപ്പീലില്‍ ഹൈക്കോടതി തീരുമാനമെടുത്തിട്ടില്ല.