ramesh-chennithala-in-sit-raid

ഗാര്‍ഹിക പീഡനങ്ങള്‍ തടയാന്‍ സ്പീക് അപ് എന്ന പേരില്‍ കര്‍മപദ്ധതിയുമായി പൊലീസ്. പീഡനം നേരിടുന്ന സ്ത്രീകള്‍ക്ക് പരാതി പറയാനും കേസ് നടത്താനും അവസരം ഒരുക്കുന്നത് ഉള്‍പ്പടെ സമഗ്രപദ്ധതിയാണ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ തയാറാക്കിയത്. ഐ.ജി അജിത ബീഗത്തിന്‍റെ നേതൃത്വത്തില്‍ സംസ്ഥാനതലത്തില്‍ ദൗത്യസേന രൂപീകരിച്ചു. 

കൊല്ലത്തെ 24കാരിയുടെ ശരീരത്തില്‍ ഭര്‍ത്താവ് തീര്‍ത്ത മുറിപ്പാടുകളുടെ ചിത്രവും അവളുടെ അനുഭവവും കേട്ട് നടുങ്ങിയിരിക്കുകയാണ് മലയാളികള്‍. വിസ്മയ എന്നും ഉത്രയെന്നുമുള്ള അനേകം പേരുകളില്‍ ഇതേ ദുരിതങ്ങള്‍ മലയാളി കണ്ടിട്ടും കേട്ടിട്ടുമുണ്ട്. പക്ഷെ ഒന്നിനും അറുതിയില്ല. കണക്ക് അനുസരിച്ച് ഏഴ് വര്‍ഷത്തിനിടെ ഗാര്‍ഹിക പീഡനം മൂലം ജീവനൊടുക്കിയത് 92 പെണ്‍കുട്ടികളാണ്. ഇത് അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ആഭ്യന്തരവകുപ്പ് പുതിയ കാംപയിന്‍ തുടങ്ങുന്നത്. 

നാണക്കേട് ഭയന്ന് ദുരിതം മൂടിവെക്കുകയല്ല, തുറന്ന് പറയുകയാണ് വേണ്ടതെന്ന ലക്ഷ്യത്തോടെ സ്പീക് അപ് എന്ന് പേരിട്ട പദ്ധതി മന്ത്രി രമേശ് ചെന്നിത്തല ഫെയ്സ് ബുക്കിലൂടെ പ്രഖ്യാപിച്ചു. അജിത ബീഗത്തിന്‍റെ നേതൃത്വത്തില്‍ എസ്.പിമാരും ഡിവൈ.എസ്.പിമാരുമടങ്ങുന്ന പ്രത്യേകസംഘത്തെ തയാറാക്കി. ഉപദ്രവം നേരിടുന്നവര്‍ക്ക് ഈ സംഘത്തെ വിളിച്ച് സഹായം തേടാം.

പീഡനം നേരിടുന്ന സ്ത്രീകള്‍ക്ക് നിയമസഹായവും കൗണ്‍സിലിങും നല്‍കും. സുരക്ഷിതമായ തുടര്‍ജീവിതവും വരുമാനവും ഉറപ്പാക്കാനുള്ള പദ്ധതിയും ഇതിന്‍റെ ഭാഗമായി നടപ്പാക്കും. സംസ്ഥാനത്ത് വിവിധയിടങ്ങളിലുണ്ടാകുന്ന ഗാര്‍ഹിക പീഡന കേസുകളുടെ അന്വേഷണ മേല്‍നോട്ടവും ഈ സംഘത്തിനായിരിക്കും.

ENGLISH SUMMARY:

Speak Up police campaign in Kerala aims to combat domestic violence by providing legal aid and counselling for victims. The comprehensive initiative led by the home department seeks to end abuse and ensure safe futures for women across the state.