മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് കേരള സര്‍ക്കാരിന്‍റെ ഉത്തരവ്. 2006ല്‍ ഗ്യാനേഷ് കുമാര്‍ കേരളത്തില്‍ പൊതുമരമാത്ത് സെക്രട്ടറിയായിരിക്കെ ഉയര്‍ന്ന അഴിമതിയിലും മലേഷ്യന്‍ കമ്പനിയുടെ ചീഫ് എന്‍ജിനീയറുടെ ആത്മഹത്യയിലുമാണ് അന്വേഷണം. കോണ്‍ഗ്രസ് നേതാവ് മലയിന്‍കീഴ് വേണുഗോപാലിന്‍റെ പരാതിയിലാണ് ആഭ്യന്തരമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടത്. അന്വേഷണത്തിന് നിയമതടസമില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
ഗ്യാനേഷ് കുമാറിനെതിരെ രാജ്യവ്യാപക പ്രക്ഷോഭം ശക്തമാകുമ്പോള്‍ ദേശീയതലത്തില്‍ ചര്‍ച്ചയാകുന്ന നിര്‍ണായക നീക്കത്തിലേക്ക് കടക്കുകയാണ് യു.ഡി.എഫ് സര്‍ക്കാരും ആഭ്യന്തരവകുപ്പും. ഇരുപത് വര്‍ഷം മുന്‍പത്തെ കേസ് ഫയലുകള്‍ പൊടിതട്ടിയെടുത്ത് ഗ്യാനേഷ് കുമാറിനെ കേസില്‍ കുടുക്കാനുള്ള പോരാട്ടം. കേരള കേഡര്‍ ഐ.എ.എസ് ഉദ്യോഗസ്ഥനായിരുന്ന ഗ്യാനേഷ് 2006ല്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്‍റെ കാലത്ത് പൊതുമരാമത്ത് സെക്രട്ടറിയായിരുന്നു. കെഎസ്‌ടിപി പദ്ധതിയുടെ ഭാഗമായ എം.സി റോഡ് വികസനത്തില്‍ കോടികളുടെ അഴിമതി നടത്തിയെന്ന ആക്ഷേപം അന്നേ ഉണ്ട്.
കരാര്‍ കമ്പനിയായ പതിബെല്ലിന്‍റെ ചുമതലയുണ്ടായിരുന്ന ചീഫ് എന്‍ജിനീയര്‍ ലീ സീ ബീന്‍ ക്വാലാലംപൂരില്‍ വെച്ച് ജീവനൊടുക്കിയിരുന്നു. അദേഹത്തിന്‍റെ ആത്മഹത്യാകുറിപ്പില്‍ ഗ്യാനേഷിന്‍റെ പേരുണ്ടായിരുന്നതായും പറയപ്പെടുന്നു. ഇക്കാര്യങ്ങള്‍ അന്വേഷിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് മലയിന്‍കീഴ് വേണുഗോപാല്‍ പരാതി നല്‍കിയതോടെയാണ് രാജ്യത്ത് ഭരണഘടനാ പദവിയിലിരിക്കുന്ന ഉന്നതനെതിരെ വിജിലന്‍സ് അന്വേഷണത്തിന് ആഭ്യന്തരമന്ത്രി ഉത്തരവിട്ടത്.
വിജിലന്‍സ് പ്രാഥമിക അന്വേഷണം നടത്തും. 2006ലെ ഫയലുകളുണ്ടോയെന്ന് പരിശോധിക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. തെളിവുകള്‍ ലഭിച്ചാല്‍ പ്രതിചേര്‍ക്കാന്‍ അനുമതി തേടും. 2006ല്‍ തന്നെ വിജിലന്‍സ് അന്വേഷിച്ചിരുന്നെങ്കിലും തെളിവില്ലെന്ന് കണ്ടെത്തി അവസാനിപ്പിക്കുകയായിരുന്നു. ഈ ആരോപണങ്ങള്‍ക്കും കേസിനും പിന്നാലെ പൊതുമരാമത്ത് സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റിയതോടെയാണ് ഗ്യാനേഷ് കേരളം വിട്ട് കേന്ദ്ര സര്‍വീസിലേക്ക് പോയതും പടിപടിയായി സ്ഥാനക്കയറ്റം ലഭിച്ച് അത്യുന്നത പദവിയിലെത്തിയതും.