തൃശൂർ നാട്ടികയിലെ ദേശീയപാത 66 ടോൾ പ്ലാസയിലെ ടോൾ പിരിവ് നിർത്തിവയ്ക്കാൻ നിർദേശം. പൊതുമരാമത്ത് മന്ത്രി പി.കെ. ബഷീറാണ് ടോൾ പിരിവ് നിർത്താൻ നിർദേശം നൽകിയത്. ടോൾ പിരിവിനെതിരെ വിവിധ രാഷ്ട്രീയ പാര്‍ട്ടികളും സംഘടനകളും പ്രതിഷേധവുമായി രംഗത്തെത്തിയതിനെ തുടർന്നാണ് നടപടി. Also Read: ‘30കോടി അടിച്ചത് എനിക്ക്, പക്ഷേ ടിക്കറ്റ് കാണാനില്ല, ഇതാ...ഫോട്ടോ...’; അവകാശവാദവുമായി തമിഴ്നാട്ടുകാരന്‍
നാട്ടിക ടോൾ പ്ലാസയില്‍ ഇന്നുമുതലാണ് ടോൾ പിരിവ് ആരംഭിച്ചത്. ടോൾ പ്ലാസ ഉപരോധിച്ച യുഡിഎഫ് പ്രവർത്തകരും പൊലീസും തമ്മിൽ സംഘർഷമുണ്ടായി. പ്രതിഷേധക്കാരെ നീക്കാനുള്ള പൊലീസ് ശ്രമത്തിനിടെയാണ് സംഘർഷമുണ്ടായത്. പ്രതിഷേധത്തിനിടെ കെപിസിസി ജനറൽ സെക്രട്ടറി ജോസ് വള്ളൂരിനെ പൊലീസ് അറസ്റ്റ് ചെയ്തു. ദേശീയപാത 66ന്റെ നിർമാണം പൂർണമായും പൂർത്തിയാക്കുന്നതിന് മുൻപ് ടോൾ പിരിവ് അനുവദിക്കരുതെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. പൊലീസ് നടപടിയെ വിമർശിച്ച ജോസ് വള്ളൂർ, പൊലീസ് കാട്ടിയത് തെമ്മാടിത്തരം ആണെന്ന് ആരോപിച്ചു.
ടോള്‍ പിരിവിനെതിരെ നാട്ടികയില്‍ പ്രതിഷേധിച്ച സിപിഎം, ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്കുനേരെ ജലപീരങ്കി പ്രയോഗിച്ചു. പ്രതിഷേധം കണക്കിലെടുത്ത് ടോൾ പ്ലാസ പരിസരത്ത് രാവിലെ മുതൽ വൻ പൊലീസ് സന്നാഹം വിന്യസിച്ചിരുന്നു. തൃശൂർ ജില്ലയില്‍ നാട്ടികയിലാണ് ദേശീയപാതയിലെ ടോൾ പ്ലാസ പ്രവർത്തിക്കുന്നത്. ബിജെപി ഒഴികെയുള്ള വിവിധ രാഷ്ട്രീയ പാർട്ടികളും സംഘടനകളും പ്രതിഷേധം പ്രഖ്യാപിച്ചിരുന്നു.