തിരുവനന്തപുരം ചിറയിന്‍കീഴ് സ്വദേശിയായ പാമ്പുപിടുത്തക്കാരന്‍ കണ്ണന്‍ എന്ന് വിളിക്കുന്ന സന്ദീപിന് പാമ്പ് കടിയേറ്റത് വീട്ടില്‍വെച്ച്. ഇന്നലെ രാത്രി വീട്ടില്‍വെച്ച് കടിയേറ്റ സന്ദീപിന് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ ജീവന്‍ നഷ്ടമാവുകയുമായിരുന്നു. 33 വയസായിരുന്നു
ഓട്ടോ ഡ്രൈവറായ സന്ദീപ് ലൈസന്‍സുള്ള പാമ്പ് പിടുത്തക്കാരനല്ല. നാട്ടുകാര്‍ ആരെങ്കിലും സഹായം തേടി വിളിക്കുമ്പോളാണ് പാമ്പിനെ പിടിക്കാന്‍ പോകുന്നത്. ആറ്റിങ്ങല്‍ ഭാഗത്തെ ഒരു വീട്ടില്‍ പാമ്പിനെ കണ്ടതായി ഇന്നലെ ഉച്ചയോടെ വിളിവന്നു. അവിടെ നിന്ന് പിടികൂടിയ പാമ്പാണ് സന്ദീപിന്‍റെ ജീവനെടുത്തത്. മൂര്‍ഖനായിരുന്നു പാമ്പ്.
പിടിച്ച പാമ്പുമായി സന്ദീപ് വീട്ടില്‍ പോയി. സാധാരണയായി പാമ്പിനെ വീട്ടില്‍ കൊണ്ടുപോയ ശേഷം തൊട്ടടുത്ത ദിവസം വനംവകുപ്പിന് കൈമാറുന്നതാണ് പതിവ്. അതുപോലെയാണ് ഇന്നലെയും മൂര്‍ഖനുമായി സന്ദീപ് വീട്ടില്‍ പോയത്. കുപ്പിയിലാക്കി കൊണ്ടുപോയ പാമ്പിനെ രാത്രി മറ്റൊരു കുപ്പിയിലേക്ക് മാറ്റുന്നതിനിടെയാണ് കടിയേറ്റത്. കൈവിരലിലാണ് പാമ്പ് കൊത്തിയത്.
സന്ദീപും ഭാര്യയും മാത്രമാണ് വാടക വീട്ടില്‍ താമസിക്കുന്നത്. ഭാര്യ ഉടന്‍ തന്നെ സന്ദീപിന്‍റെ സുഹൃത്തുക്കളെ വിളിച്ചുവരുത്തി. സുഹൃത്തുക്കളെത്തുമ്പോള്‍ സന്ദീപ് അവശനായി ഓട്ടോയില്‍ കിടക്കുകയായിരുന്നു. അവര്‍ ഉടന്‍ തന്നെ ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയിലും അവിടെ നിന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.