എക്സാലോജിക് കേസില്‍ ഇ.ഡി നല്‍കിയ കത്തില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍  ഹൈക്കോടതി നാളെ വിധിപറയും. ജസ്റ്റീസ് എ.ബദറുദ്ദീന്‍ ആണ് വിധി പറയുക. ഇ.ഡി  നല്‍കിയ കത്തില്‍ എഫ്ഐആര്‍ ഇടണമെന്നാണ് ആവശ്യം . 

 

ഇ.ഡിയുടെ റിപ്പോർട്ട് പ്രാഥമികാന്വേഷണത്തിനു പകരമായി കണക്കാക്കാമെന്നും നേരിട്ട് എഫ്ഐആർ റജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ വേണ്ട വിവരങ്ങൾ അതിലുണ്ടെന്നും ഇ.ഡിയുടെ അഭിഭാഷകൻ നേരത്തെ വാദിച്ചിരുന്നു. അതേസമയം, ഇ.ഡി അന്വേഷണ ഏജൻസിയല്ല, വിവര ശേഖരണ എജൻസിയാണെന്നും ചില പരിശോധനകൾ ആവശ്യമാണെന്നും സർക്കാരിനു വേണ്ടി അഡ്വക്കറ്റ് ജനറൽ വാദിച്ചു.

 

ഇ.ഡി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പ്രതിപക്ഷനേതാവ് പിണറായി വിജയൻ, മകൾ ടി. വീണ, മരുമകൻ മുഹമ്മദ് റിയാസ് എംഎൽഎ എന്നിവർക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം എഫ്ഐആർ റജിസ്റ്റർ ചെയ്ത് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് അഡ്വ. കെ.എം. ഷാജഹാൻ നൽകിയ ഹർജിയാണു ജസ്റ്റിസ് എ.ബദറുദ്ദീൻ പരിഗണിക്കുന്നത്. മുദ്രവച്ച കവറിൽ റിപ്പോർട്ടിന്റെ പകർപ്പ് ഇ.ഡി കോടതിക്കു കൈമാറി. 

 

റിപ്പോർട്ട് പരിശോധിച്ച കോടതി, ഇതിൽ ഡയറി മാത്രമാണല്ലോ ഉള്ളതെന്നു വാക്കാൽ പരാമർശിച്ചു. മൊഴികളുണ്ടെന്നു പറയുന്നു, അതു ഡിജിപിക്കു കൈമാറിയില്ലല്ലോ എന്നും ആരാഞ്ഞു. ആവശ്യപ്പെട്ടാൽ നൽകുമെന്ന് ഇ.ഡി മറുപടി നൽകി. എഫ്ഐആർ ഇടുന്നതിനു പകരം എസ്ഐടി രൂപീകരിച്ചു പ്രാഥമികാന്വേഷണം നടത്തുന്നതു തെറ്റാണെന്ന് ഹർജിഭാഗം അഭിഭാഷകൻ വാദിച്ചു.

ENGLISH SUMMARY:

Exalogic case Kerala High Court verdict on the ED letter petition involving political figures will be pronounced tomorrow. The court is reviewing arguments regarding whether an FIR should be registered based on the Enforcement Directorate report.