തന്നെ വേട്ടയാടുന്നുവെന്ന് തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലർ ആര്‍.സുഗതന്‍. വട്ടിയൂര്‍ക്കാവ് ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചതു മുതല്‍ വേട്ടയാടലും തുടങ്ങി. 

വ്യാജ ഒപ്പ് ആരോപണവും തള്ളിയ സുഗതന്‍ തന്റെ ഒപ്പ് തന്നെയാണ് റജിസ്റ്ററില്‍ ഉള്ളതെന്നു പറഞ്ഞു. എന്തു പരിശോധയും നടക്കട്ടെയെന്നും കൗണ്‍സിലര്‍ കൂട്ടിച്ചേര്‍ത്തു. 

 

ആര്‍.സുഗതന്‍റെ കാപ്പ റദ്ദാക്കിയതോടെ തിരുവനന്തപുരം കോര്‍പറേഷനിലെ ബി.ജെ.പി ഭരണത്തിലെ പ്രതിസന്ധി ഒഴിഞ്ഞിരിക്കുകയാണ്. കാപ്പ ചുമത്തിയതിലെ വീഴ്ചകള്‍ ഹൈക്കോടതി ചൂണ്ടിക്കാണിച്ചത് ആയുധമാക്കി പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിക്കാനുമാണ് ബി.ജെ.പി തീരുമാനം. കള്ളക്കേസെന്ന് തെളിഞ്ഞതായി ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. 

 

ബി.ജെ.പിക്ക് കാത്ത് കാത്തിരുന്ന് കിട്ടിയ തലസ്ഥാന ഭരണത്തിന് ഇളക്കം തട്ടിയത് സുഗതന്‍റെ അറസ്റ്റായിരുന്നു. കാപ്പ ചുമത്തി വിയ്യൂരിലടച്ചതോടെ അയോഗ്യതാ ഭീഷണി. പല ദൈവങ്ങളുടെ നാമത്തിലുള്ള സത്യപ്രതിഞ്ജ ഹൈക്കോടതി റദ്ദാക്കുകയും ചെയ്തതോടെ ഭരണം ആടിയുലഞ്ഞു. അതിന്‍റെ പേരില്‍ കോര്‍പറേഷനില്‍ പലവട്ടം അടിപൊട്ടി.

 

സുഗതന്‍റെ അയോഗ്യതാ ഭീഷണിക്കൊപ്പം ഇരുട്ടടിയായിരുന്നു ആര്‍.ശ്രീലേഖയുടെ രാജി ഭീഷണി. ശ്രീലേഖ രാജിപിന്‍വലിച്ചതിന് പിന്നാലെ സുഗതന് ജാമ്യവും കിട്ടിയതോടെ ബി.ജെ.പി ഭൂരിപക്ഷം ഉറപ്പിച്ചു. സ്വതന്ത്രനടക്കം 51 അംഗങ്ങളുള്ളതിനാല്‍ നിലവില്‍ എല്‍.ഡി.എഫും യു.ഡി.എഫും ഒരുമിച്ചാലും വി.വി.രാജേഷിന്‍റെ കസേര ഇളകില്ല. ആറ് മാസത്തേക്കുള്ള കാപ്പ കരുതല്‍ തടങ്കല്‍ നാല് മാസമാകും മുന്‍പാണ് ഹൈക്കോടതി റദ്ദാക്കിയത്. അതിനാല്‍ സുഗതനെ ജയിലിലടച്ചത് കള്ളക്കേസിലെന്ന രാഷ്ട്രീയ പ്രചാരണം കൂടിയാണ് ബി.ജെ.പി ആയുധമാക്കുന്നത്.

 

നിലവില്‍ മറ്റൊരു വിവാദമായി നില്‍ക്കുന്നത് സുഗതന്‍റെ കള്ള ഒപ്പ് മേയറിട്ട് ഹാജര്‍ അനുവദിച്ചെന്നാണ്. സുഗതന്‍ പുറത്തിറങ്ങുന്നതോടെ ആ കേസിലെ അന്വേഷണത്തിന്‍റെ ബലം കുറയും.  അതേസമയം സുഗതന് ഇപ്പോഴും പ്രതിയെന്ന് ആരോപിച്ച് പ്രതിരോധിക്കാനാണ് പ്രതിപക്ഷ തീരുമാനം.

ENGLISH SUMMARY:

R Sugathan, a Thiruvananthapuram Corporation councilor, claims he is being targeted and denies any fake signature. The cancellation of his KAAAPA detention by the High Court has resolved a crisis in the BJP's administration.