pariyaram-medicalcollage

കണ്ണൂര്‍ പരിയാരം മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയക്കിടെ രോഗി മരിച്ചതില്‍ ചികിത്സാ പിഴവ് ആരോപണം. ഇരിട്ടി വള്ളിത്തോട് സ്വദേശി ഫാത്തിമയുടെ മരണത്തിലാണ് ബന്ധുക്കള്‍ ആശുപത്രിക്കെതിരെ രംഗത്തുവന്നത്. പരിയാരം പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു

 

ഇന്നലെയാണ് ഹൃദയ വാല്‍വ് ശസ്ത്രക്രിയക്ക് വേണ്ടി ഫാത്തിമയെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കീ ഹോള്‍ ശസ്ത്രക്രിയ എന്നാണ് ബന്ധുക്കളോട് ഡോക്ടര്‍മാര്‍ പറ​ഞ്ഞത്. എന്നാല്‍ ചെയ്തത് ഓപ്പണ്‍ ശസ്ത്രക്രിയ എന്ന് ബന്ധുക്കള്‍. ഇക്കാര്യം ഡോക്ടര്‍ അറിയിച്ചത് എല്ലാം കഴി​ഞ്ഞ ശേഷമെന്നാണ് പരാതി. വൈകുന്നേരത്തോടെ പള്‍സ് കുറഞ്ഞ് ഗുരുതര നിലയിലായെന്നും രാത്രിയോടെ മരിച്ചുവെന്നും ബന്ധുക്കള്‍

 

ബന്ധുക്കള്‍ രാത്രി ആശുപത്രിയില്‍ പ്രതിഷേധിച്ചു. പിന്നാലെ പൊലീസെത്തി കേസെടുത്തു. നിലവില്‍ അസ്വാഭാവിക മരണത്തിനാണ് എഫ്ഐആര്‍. ഫാത്തിമയുടെ മഹാധമനിയിലെ പ്രശ്നത്തിനാണ് കീ ഹോള്‍ സര്‍ജറി ചെയ്യാന്‍ തീരുമാനിച്ചതെന്നും മറ്റു ധമനികള്‍ക്കും കുഴപ്പമുണ്ടെന്ന് കണ്ടതിനാലാണ് ഓപ്പണ്‍ സര്‍ജറി ചെയ്യേണ്ടി വന്നതെന്നുമാണ് ആശുപത്രിയുടെ മറുപടി. എന്നാല്‍ ശസ്ത്രക്രിയയിലെ മാറ്റം കൃത്യമായി ബന്ധുക്കളെ ബോധിപ്പിക്കാതിരുന്നത് വീഴ്ചയാണെന്ന് ആശുപത്രിയും വിലയിരുത്തുന്നുണ്ട്

 

ENGLISH SUMMARY:

Pariyaram Medical College death has led to allegations of medical negligence. Relatives of the deceased, Fathima, have come forward accusing the hospital, prompting the Pariyaram police to register a case of unnatural death.