സംസ്ഥാനത്തെ സഹകരണ ബാങ്കുകളില്‍ ഇ.ഡി റെയ്ഡ്. പിഎംഎല്‍എ പ്രകാരം എടുത്ത കേസുകളിലാണ് പരിശോധന. എറണാകുളം, തൃശൂർ, കോഴിക്കോട്, മലപ്പുറം ജില്ലകളിലായി 17 ഇടങ്ങളിലാണ് റെയ്ഡ് നടക്കുന്നത്. എറണാകുളത്ത് അങ്കമാലി അർബൻ സർവീസ് സഹകരണ ബാങ്കിലെ തട്ടിപ്പുമായി ബന്ധപ്പെട്ടും തൃശൂരിൽ കുട്ടനെല്ലൂർ സർവീസ് സഹകരണ ബാങ്കിലെ ക്രമക്കേടിലുമാണ് പ്രധാനമായും പരിശോധന.
വ്യാജ രേഖകളും ബാങ്കുമായി ബന്ധമില്ലാത്തവരുടെ തിരിച്ചറിയൽ രേഖകളും ഉപയോഗിച്ച് കോടികളുടെ തട്ടിപ്പ് നടത്തിയെന്ന ക്രൈംബ്രാഞ്ച് കേസുകളുടെ അടിസ്ഥാനത്തിലാണ് ഇ.ഡി കള്ളപ്പണ ഇടപാടിൽ അന്വേഷണം ശക്തമാക്കിയത്. 2024-ലാണ് ഇ.ഡി കേസ് രജിസ്റ്റര്‍ ചെയ്തത്. ഇതുമായി ബന്ധപ്പെട്ട രേഖകൾ ശേഖരിക്കുന്നതിനൊപ്പം ആരോപണവിധേയരെ ചോദ്യം ചെയ്യാനും ഇ.ഡി നീക്കം നടത്തുന്നുണ്ട്.
മലപ്പുറത്ത് മൂന്നിടങ്ങളിൽ ഇ ഡി പരിശോധന നടക്കുന്നു. തെന്നല സർവ്വീസ് സഹകരണ ബാങ്ക് മുൻ ഡയറക്ടർമാരുടെ വീടുകളിലാണ് പരിശോധന. 3 വർഷമായി നിക്ഷേപകർക്ക് പണം തിരികെ നൽകാത്തതിനെ തുടർന്ന് ബാങ്കിനെതിരെ പ്രതിഷേധം ഉയര്‍ന്നിരുന്നു. ബാങ്കിനെതിരെ നിക്ഷേപകർ ഇഡിക്ക് പരാതി നൽകിയിരുന്നു.