Image: U Sharaf Ali, AI Enhanced
മെസിയെ മറയാക്കിയുള്ള തട്ടിപ്പിൽ സംസ്ഥാന സ്പോർട്സ് കൗൺസിൽ മുൻപ്രസിഡന്റ് യു.ഷറഫലിയും പ്രതിയായേക്കും. പ്രത്യേക അന്വേഷണസംഘം ഡിജിപിക്ക് നൽകിയ റിപ്പോർട്ടിൽ ഷറഫലിക്കെതിരെ തെളിവുണ്ടെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിയും അർജൻറീന ഫുട്ബോൾ അസോസിയേഷനും തമ്മിലുള്ള കരാറിൽ ഷറഫലി സാക്ഷി എന്ന നിലയിൽ ഒപ്പിട്ടിരുന്നു.
ഷറഫലിയുടെ പങ്ക് ഗൂഢാലോചനയുടെ ഭാഗമാണെന്നാണ് എസ്.ഐ.ടിയുടെ വിലയിരുത്തൽ. മുൻ കായിക മന്ത്രിക്കൊപ്പം ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തുവെന്ന കുറ്റം ഷറഫലിക്കും നിലനിൽക്കുമെന്നും എസ്ഐടി പറയുന്നു. റിപ്പോർട്ട് ഡിജിപി ആഭ്യന്തര സെക്രട്ടറിക്ക് കൈമാറും. ഉടൻതന്നെ തുടർനടപടിയിൽ തീരുമാനം ഉണ്ടാകും.
കേസില്‍ മുൻ കായികമന്ത്രി വി.അബ്ദുറഹിമാനെതിരെ തെളിവുണ്ടെന്ന് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. അഴിമതി നിരോധന നിയമപ്രകാരമുള്ള കുറ്റം കൂടി ചുമത്തണമെന്നാണ് എസ്ഐടി ശുപാർശ . മുൻമന്ത്രിയുടെ പഴ്സനൽ സ്റ്റാഫിനെയും പ്രതി ചേർത്തേക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്.
വഞ്ചന, ക്രിമിനൽ ഗൂഢാലോചന എന്നീ കുറ്റങ്ങള്‍ ഉള്‍പ്പെടുത്തി കളമശേരി സ്റ്റേഷനിലാണ് കേസ് റജിസ്റ്റർ ചെയ്തത്. ഇതിനൊപ്പം അഴിമതി നിരോധന നിയമത്തിലെ വകുപ്പുകൾ കൂടി ചേർക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.
അർജന്റീന ഫുട്ബോൾ ടീമിനെ കേരളത്തിലെത്തിക്കാനുള്ള കരാർ ഔദ്യോഗികമാണെന്ന് തെറ്റിദ്ധരിപ്പിക്കാൻ കായികമന്ത്രിയുടെ ഔദ്യോഗിക ഇ-മെയിൽ വിലാസം ഉപയോഗിച്ചതടക്കം ഉന്നതതലത്തിൽ ഗൂഢാലോചന നടന്നതായാണ് എസ്ഐടി കണ്ടെത്തല്‍. ഇതിനായി സർക്കാരിന്റെ ഔദ്യോഗിക സംവിധാനങ്ങൾ ദുരുപയോഗം ചെയ്തതായും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.