kasaragod-well-digging-accident-cat-saves-family

TOPICS COVERED

കഴിഞ്ഞ ദിവസമാണ് കാസർകോട് വരക്കാട് കുത്തിറക്കത്തിൽ നിയന്ത്രണം വിട്ട കുഴൽ കിണർ വാഹനം വീടിനു മുകളിലേക്ക് മറിഞ്ഞ് രണ്ട് അതിഥിത്തൊഴിലാളികൾ മരിച്ചത്. അപകടത്തിൽ നിന്നും വീട്ടിൽ താമസിച്ച കുടുംബമാകട്ടെ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. അതിന് കാരണമായതാകട്ടെ വീട്ടിലെ വളര്‍ത്തുപൂച്ചയും.

ശനിയാഴ്ച പുലർച്ചെ രണ്ടുമണിയോടെയാണ് അപകടമുണ്ടായത്. ഈ സമയം ചൂട് കാരണം വീടിന്റെ ഹാളിൽ ഉറങ്ങുകയായിരുന്നു ഗൃഹനാഥൻ ജയ്സണും ഭാര്യ ഏലിയാമ്മയും. അതിനിടെയാണ് പൂച്ച പിടിച്ചുകൊണ്ടുവന്ന എലിയെ ഇവരുടെ ശ്രദ്ധയിൽപ്പെട്ടത്. എലിയെ പുറത്തുകളയാനായി ഇരുവരും ഹാളിൽനിന്ന് പുറത്തിറങ്ങി. ഇരുവരും പുറത്തേക്ക് ഇറങ്ങി നിമിഷങ്ങൾക്കകം നിയന്ത്രണം വിട്ട കുഴക്കിണർ യന്ത്രം ഘടിപ്പിച്ച വാഹനം വീടിനുമുകളിലേക്ക് വീഴുകയായിരുന്നു.

അപകടസമയത്ത് ജയ്സണും ഏലിയാമ്മയും ഹാളിൽ തന്നെയായിരുന്നെങ്കിൽ ദുരന്തത്തിന്‍റെ വ്യാപ്തി വര്‍ധിക്കുമായിരുന്നു. ഇരുവരും കിടന്ന ഹാളിലേക്കാണ് കുഴൽ കിണർ വാഹനം ഇടിച്ചുകയറിയത്. അപകടത്തിന്‍റെ ആഘാതത്തില്‍ ഭിത്തി തകർന്ന് ചെങ്കല്ലുകൾ ഹാളിനുള്ളിലേക്ക് പതിക്കുകയും ചെയ്തു. ശബ്ദം കേട്ടുണർന്ന മകൻ ജസ്റ്റിനും ഏലിയാമ്മയുടെ സഹോദരി ശാന്തമ്മയും പരുക്കേൽക്കാതെ രക്ഷപ്പെട്ടു. രണ്ട് ജീവനുകൾ കവർന്ന അപകടത്തിലും ഒരു കുടുംബത്തിന് മരണത്തില്‍ നിന്നും രക്ഷയായത് സ്വന്തം വളർത്തുപൂച്ചയായിരുന്നു.

ചീർക്കയം ഭാഗത്ത് കുഴൽക്കിണർ കുഴിച്ച ശേഷം ചെറുപുഴയിലേക്ക് പോകുകയായിരുന്നു കുഴൽ കിണർ യന്ത്രം ഘടിപ്പിച്ച വാഹനം. ഇതിനിടെ ഭീമനടി– ചിറ്റാരിക്കാൽ റോഡിലേക്ക് തിരിയേണ്ട ഇറക്കത്തിൽ നിയന്ത്രണം വിട്ട് വീടിനു മുകളിലേക്ക് മറിയുകയായിരുന്നു. അതിഥി തൊഴിലാളികളായ മധ്യപ്രദേശ് സ്വദേശി ദേവേന്ദ്ര, ഛത്തീസ്ഗഡ് സ്വദേശി മനാസർ എന്നിവരാണ് അപകടത്തില്‍ മരിച്ചത്. ഭയാനകമായ ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് ഉടൻ തന്നെ രക്ഷാപ്രവർത്തനം നടത്തുകയും വാഹനത്തിനടിയിൽപ്പെട്ടവരെ പുറത്തെടുക്കുകയും ചെയ്തത്.

ENGLISH SUMMARY:

A severe accident occurred in Varakkad, Kasaragod, when a runaway borewell rig truck crashed onto a residential house, killing two migrant workers. The house owners, Jayson and his wife Eliyamma, narrowly escaped death as they had stepped out of their hall just seconds prior to the crash. The couple was alerted by their pet cat bringing a rat into the house, forcing them to move outside to discard it before the heavy machinery demolished the room. The victims were identified as Devendra from Madhya Pradesh and Manasar from Chhattisgarh, while local residents immediately rushed to perform rescue operations.