മെസ്സിയെയും അർജന്റീന ടീമിനെയും കേരളത്തിലെത്തിക്കാമെന്ന വാഗ്ദാനത്തിന്റെ മറവിൽ നടന്ന തട്ടിപ്പ് കേസിൽ മുൻ കായികവകുപ്പ് മന്ത്രി വി. അബ്ദുറഹിമാനെ പ്രതി ചേർത്തേക്കും. കേസിൽ മുൻ മന്ത്രി അഴിമതി നിരോധന നിയമപ്രകാരം നടപടി നേരിടേണ്ടിവരുമെന്നാണ് സൂചന. മുൻ മന്ത്രിയെ വിശദമായി ചോദ്യം ചെയ്ത പ്രത്യേക അന്വേഷണ സംഘത്തിലെ (SIT) ഉദ്യോഗസ്ഥർ വിവരങ്ങൾ അന്വേഷണ ചുമതലയുള്ള എ.ഡി.ജി.പി എച്ച്. വെങ്കിടേഷിനെ ധരിപ്പിച്ചു. ശേഖരിച്ച തെളിവുകളും മൊഴികളും പരിശോധിച്ച ശേഷമായിരിക്കും അദ്ദേഹത്തെ പ്രതിയാക്കുന്നതിൽ അന്തിമ തീരുമാനമെടുക്കുക.
പ്രത്യേക അന്വേഷണ സംഘം കഴിഞ്ഞദിവസം മലപ്പുറത്തുവെച്ച് വി. അബ്ദുറഹിമാനെ ചോദ്യം ചെയ്തിരുന്നു. സ്പോൺസർഷിപ്പ് നിർണ്ണയം, ധനകാര്യ വകുപ്പിനെ ഒഴിവാക്കി സ്വീകരിച്ച തീരുമാനങ്ങൾ, വിദേശയാത്രകൾ എന്നിവ കേന്ദ്രീകരിച്ചായിരുന്നു പ്രധാന ചോദ്യം ചെയ്യൽ.
ടെണ്ടർ നടപടികളില്ലാതെ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനിക്ക് സ്പോൺസർഷിപ്പ് അനുവദിച്ചതിൽ മുൻ മന്ത്രിയുടെ വഴിവിട്ട ഇടപെടലുണ്ടായെന്നും, കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയം വിട്ടുനൽകുന്നതുമായി ബന്ധപ്പെട്ട് ആന്റോ അഗസ്റ്റിനെ നിയമവിരുദ്ധമായി സഹായിച്ചെന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.
കൂടാതെ, കായിക വകുപ്പിലെ ഉദ്യോഗസ്ഥരെ അറിയിക്കാതെ മന്ത്രിയുടെ ഓഫീസിൽനിന്ന് നേരിട്ട് കത്തിടപാടുകൾ നടത്തിയതും അന്വേഷണ വിധേയമാക്കിയിട്ടുണ്ട്. കേസിലെ മുഖ്യപ്രതി ആന്റോ അഗസ്റ്റിന്റെ വീട്ടിലും ഓഫീസുകളിലും എസ്‌ഐടി നടത്തിയ റെയ്ഡ് നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മുൻ മന്ത്രിയുടെ മൊഴി വിലയിരുത്തുന്നത്.