കേരളത്തിലെ ഡിവൈഎഫ്ഐ പിരിച്ചുവിടണമെന്ന് സിജെപി സ്ഥാപകന്‍ അഭിജിത് ദീപ്കെ പറഞ്ഞതായി പ്രചരിക്കുന്ന വാര്‍ത്തകള്‍ വ്യാജമാണെന്ന് കോക്രോച്ച് ജനത പാര്‍ട്ടി കേരള ഘടകം. അഭിജിത്ത് ദിപ്കെ ഇത്തരമൊരു കാര്യം പറയുകമോ പങ്കുവെക്കുകയോ ചെയ്തിട്ടില്ലെന്നും സിജെപി വ്യക്തമാക്കി.
കേരളത്തിലെ ഡിവൈഎഫ്ഐ പിരിച്ചുവിടണമെന്നും എല്ലാവരും സിജെപിയില്‍ ചേരണമെന്നും കമ്മ്യൂണിസം കാലഹരണപ്പെട്ട പ്രത്യയശാസ്ത്രമാണെന്നും അഭിജിത് ദീപ്‌കെ പറഞ്ഞുവെന്ന തരത്തലുള്ള പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് സിജെപിയുടെ ഔദ്യോഗിക പ്രതികരണം.
'സിജെപിയുടെ പേരിൽ പ്രചരിക്കുന്ന ഈ പോസ്റ്റ് വ്യാജമാണ്. ഇത് അഭിജിത് ദിപ്കെ പറഞ്ഞതോ പങ്കുവെച്ചതോ അല്ല. തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്ന ഇത്തരം വ്യാജ പോസ്റ്റുകൾ വിശ്വസിക്കുകയോ ഷെയര്‍ ചെയ്യുകയോ പ്രചരിപ്പിക്കുകയോ ചെയ്യരുത്. വിവരങ്ങളുടെ ഉറവിടം പരിശോധിച്ചതിന് ശേഷം മാത്രം പങ്കുവെക്കുക. വ്യാജവാർത്തകൾക്കെതിരെ ജാഗ്രത പാലിക്കുക.'- സിജെപി കേരള ഘടകം ഫെയ്സ്ബുക്കില്‍ കുറിച്ചു.
അതേസമയം കേന്ദ്ര മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്‍റെ രാജി ആവശ്യപ്പെട്ട് ശക്തമായ പ്രതിഷേധത്തിലേക്ക് കടക്കുകയാണ് സിജെപി. ഗ്യാനേഷ് കുമാർ ഒന്നാം നമ്പർ രാജ്യദ്രോഹിയാണെന്നും ജനാധിപത്യ സംവിധാനങ്ങളെ തകർത്ത് ബിജെപിക്ക് അനുകൂലമായി വോട്ടർപട്ടിക അട്ടിമറിക്കുകയാണെന്നും സിജെപി നേതാവ് അഭിജിത് ദീപ്കെ ന്യൂഡൽഹിയിൽ നടന്ന വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു.
കേന്ദ്ര സർക്കാരിന്റെയും തിരഞ്ഞെടുപ്പ് കമ്മിഷന്റെയും ജനാധിപത്യവിരുദ്ധ നടപടികൾക്കെതിരെ പ്രതിപക്ഷ കക്ഷികളും യുവാക്കളും ഒന്നിക്കണമെന്നും രാജിവയ്ക്കാത്തപക്ഷം ഡൽഹി കേന്ദ്രീകരിച്ച് ശക്തമായ ജനകീയ പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കുമെന്നും സിജെപി പറഞ്ഞു. ഇതിന്‍റ ഭാഗമായി നാളെ (ഒക്ടോബര്‍ 2) വൈകിട്ട് 5.30ന് കൊച്ചി ഹൈക്കോടതി ജങ്ഷനില്‍ സിജെപി കേരള ഘടകം പ്രതിഷേധം സംഘടിപ്പിക്കുന്നുണ്ട്.