മദ്യപിച്ച് അപകടകരമായി വാഹനമോടിച്ച സംഭവത്തില്‍ യൂട്യൂബര്‍ അശ്വന്ത് കോക്ക് പൊലീസ് കേസെടുത്തതിന് പിന്നാലെ പ്രതികരണവുമായി നടൻ അനീഷ് ഗോപാലിന്‍റെ ഭാര്യ വർണ അനീഷ് രംഗത്ത്. മുൻപ് ഒരു അഭിമുഖത്തിൽ അശ്വന്തിനെ കുറിച്ച് സംസാരിച്ച അനീഷിന്‍റെ വാക്കുകൾ പങ്കുവച്ചായിരുന്നു വർണയുടെ പ്രതികരണം. ‘ഇപ്പൊ എങ്ങനെ ഇരിക്കണ്’ എന്ന് കുറിച്ചാണ് വർണ അശ്വന്ത് കോക്ക് അറസ്റ്റിലായ ദൃശ്യം ഉള്‍പ്പെടെ പങ്കുവച്ചിരിക്കുന്നത്.
‘അശ്വന്ത് കോക്കിനോടാണ് പറയുന്നത്, റിവ്യു പറയുമ്പോൾ, നീ വെള്ളമടിച്ചിട്ടാണ് പറയുന്നത്. സത്യമല്ലേ? ഞാനവനെ ഫോൺ െചയ്തു. അപ്പോൾ അവൻ എന്നോട് പറയുകയാണ് ഞാൻ രണ്ടെണ്ണം അടിച്ചിട്ട് ഒരോളത്തിൽ പറഞ്ഞുപോയതാണെന്ന്’– എന്നായിരുന്നു അഭിമുഖത്തില്‍ അശ്വന്തിനെ കുറിച്ച് അനീഷ് പറഞ്ഞിരുന്നത്. ‘വിവാഹ്’ എന്ന സിനിമയുടെ റിവ്യൂ ചെയ്യുന്നതിനിടയിൽ അശ്വന്ത് വ്യക്തിഹത്യ നടത്തിയെന്നും ഇത് തന്‍റെ ഭാര്യയെയും കുട്ടികളെയും ബാധിച്ചുവെന്നും അനീഷ് ഗോപാൽ ആരോപിച്ചിരുന്നു. ഈ ആഘാതത്തിൽ നിന്ന് പുറത്തു കടക്കാൻ ഭാര്യയ്ക്ക് മാനസികാരോഗ്യ വിദഗ്ധന്‍റെ സഹായം തേടേണ്ടി വന്നു എന്നും അനീഷ് ഗോപാൽ പറഞ്ഞു. സംഭവത്തില്‍ വർണയും അശ്വന്തിനെതിരെ സമൂഹമാധ്യമങ്ങളിലൂടെ രംഗത്തെത്തിയിരുന്നു. റിവ്യൂ എന്ന പേരിൽ ലൈംഗിക അധിക്ഷേപങ്ങളാണ് നടത്തുന്നതെന്നായിരുന്നു വർണ പറഞ്ഞത്.
വര്‍ണ അന്ന് പറഞ്ഞത്: ‘ഒരു സഹോദരിയോ കൂട്ടുകാരിയോ നല്‍കുന്ന ഉപദേശം എന്ന രീതിയിലാണ് ഞാൻ സംസാരിക്കുന്നത്. എനിക്കുണ്ടായ മാനസിക ബുദ്ധിമുട്ട് അയാൾക്ക് അറിയില്ല. താങ്കൾക്ക് സിനിമ കാണാം, റിവ്യൂ ചെയ്യാം. അതിലെ കഥാപാത്രങ്ങളെക്കുറിച്ചും പറയാം. എന്നാൽ വ്യക്തിഹത്യയും സെക്ഷ്വൽ ഹരാസ്മെന്‍റും ബോഡി ഷെയിമിങ്ങും ചെയ്യുന്നത് ശരിയല്ല. എന്‍റെ ഭർത്താവിന് നിന്‍റെ റിവ്യൂ വലിയ പ്രശ്നമായി തോന്നിയില്ല. പുള്ളി ചിരിച്ചു കളിച്ചു അത് വിട്ടു. പക്ഷേ എനിക്കും എന്‍റെ കുടുംബത്തിനും അത് മാനസിക ആഘാതമുണ്ടാക്കി. എന്‍റെ മക്കൾ എന്നോട് ചോദ്യം ചോദിക്കുമ്പോൾ എനിക്ക് ഉത്തരം കൊടുക്കാൻ പറ്റാതെ പോയി.
സിനിമയിലെ നായിക കഥാപാത്രങ്ങളെ അധിക്ഷേപിച്ചത് അവരെ മാനസികമായി തളർത്തി. ഇനി സാരി ഉടുക്കുമ്പോൾ ഒരു കോൺഫിഡൻസ് ഉണ്ടാവില്ല എന്നാണ് ആ കുട്ടി പറഞ്ഞത്. അങ്ങനെ അയാൾ അങ്ങ് ഇല്ലാണ്ടാക്കി. മാനസികമായി നിങ്ങൾ ഒരാളെ കൊല്ലുകയാണ് ചെയ്യുന്നത്. അവരുടെ കരിയറിനെ തന്നെ ഇല്ലാതാക്കി. എന്‍റെ ഭർത്താവിനെ ‘ഊച്ചാളി, ഊള, മൊണ്ണ’ എന്നൊക്കെയാണ് വിളിച്ചത്. നിങ്ങൾക്ക് ബോധവുമില്ല, ബുദ്ധിയുമില്ല. കഥാപാത്രത്തിന്‍റെ പേരല്ലാതെ ഒരു കലാകാരന്‍റെ പേരു വച്ച് വ്യക്തിഹത്യ ചെയ്യാനുള്ള അധികാരം നിങ്ങൾക്കൊരുത്തർക്കുമില്ല. അവരുടയൊക്കെ കുടുംബത്തിനുണ്ടാകുന്ന ആഘാതത്തെപ്പറ്റി ചിന്തിക്കണം.
മലയാളം ഇൻഡസ്ട്രിയിൽ ഇതൊന്നും ചോദിക്കാൻ ആരുമില്ലേ? ആരും നിങ്ങളോട് ചോദിക്കാനില്ലാത്തതുകൊണ്ടാണോ എന്തുമാവാം എന്നു പറഞ്ഞ് എല്ലാവരെയും മോശമാക്കുകയാണോ? ദയവു ചെയ്ത് ലഹരി ഉപയോഗിച്ച ശേഷം റിവ്യൂ ചെയ്യാതിരിക്കുക. നിങ്ങളുടെ റിവ്യൂവിന്‍റെ വിശ്വാസ്യത നഷ്ടപ്പെടും. നേരിട്ട് വിളിച്ചപ്പോൾ എന്‍റെയും മക്കളുടെയും അടുത്ത് അയാൾ ക്ഷമ പറഞ്ഞു. എന്‍റെയടുത്തല്ല , പൊതു ജനങ്ങളുടെ അടുത്താണ് മാപ്പ് പറയേണ്ടത്, താങ്കൾ കാരണം മാനസിക ആഘാതം ഏറ്റവരുടെ അടുത്ത് ക്ഷമ പറയണം. ഇനിയെങ്കിലും മാന്യമായി റിവ്യൂ ഇടാൻ അപേക്ഷിക്കുന്നു.’
അതേസമയം, മദ്യപിച്ച്വാഹനമോടിച്ച് അപകടമുണ്ടാക്കിയ അശ്വന്ത് കോക്കിനെതിരെ കോഴിക്കോട് നടക്കാവ് പൊലീസ് കേസെടുത്തു. മദ്യപിച്ച് അപകടകരമായി വാഹനമോടിച്ച് മറ്റുള്ളവരുടെ ജീവന് ഭീഷണിയുണ്ടാക്കിയെന്നാണ് കേസ്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം അശ്വന്തിനെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. ഇന്നലെ വൈകിട്ടാണ് അശ്വന്ത് കോക്കിന്‍റെ വാഹനം കാറിലും ബൈക്കിലും ഇടിച്ചത്. അപകടത്തില്‍പ്പെട്ട വാഹനങ്ങളിലെ യാത്രക്കാരുടെ പരാതിയിലാണ് അശ്വന്തിനെ കസ്റ്റഡിയിലെടുത്തത്. മാധ്യമങ്ങള്‍ പ്രതികരണം തേടിയെങ്കിലും അശ്വന്ത് കോക് വ്യക്തമായി പ്രതികരിച്ചില്ല.