ഫയല്‍ ചിത്രം

വാഹനത്തിന് തേർഡ് പാർട്ടി ഇൻഷുറൻസ് ഉണ്ട്. അപ്പോൾ അപകടത്തിൽ പെട്ടാൽ വാഹനം ശരിയാക്കാനുള്ള നഷ്ടപരിഹാരം കിട്ടാൻ അത് പോരേ? എന്നാലത് പോരാ. വാഹന ഇന്‍ഷുറന്‍സിനെ പറ്റി കേരള പൊലീസ് തയാറാക്കിയ വിഡിയോ ശ്രദ്ധ നേടുകയാണ്. വാഹന ഇൻഷുറൻസ് പറ്റി വിശദീകരിച്ചുള്ള വിഡിയോ ആണ് സമൂഹമാധ്യമങ്ങളിലൂടെ കേരള പൊലീസ് പങ്കുവച്ചിരിക്കുന്നത്. 

എന്താണ് വാഹന ഇൻഷുറൻസ് 

ഉഭയകക്ഷി സമ്മതപ്രകാരം വാഹന ഉടമയും ഇൻഷുറൻസ് നൽകുന്ന സ്ഥാപനവും തമ്മിൽ ഏർപ്പെടുന്ന ഒരു കരാറാണ് മോട്ടോർ ഇൻഷുറൻസ് എന്ന് ചുരുക്കി പറയാം. ചില നിബന്ധനകൾക്ക് വിധേയമായി സാമ്പത്തിക നഷ്ടപരിഹാരം നൽകുന്നതാണ് ഈ കരാർ. വാഹനത്തിന് എപ്പോഴും ഫുൾ കവർ ഇൻഷുറൻസ് ഉണ്ടായിരിക്കുന്നതാണ് നല്ലത്. 

ഒരു മോട്ടോർ ഫുൾ കവർ ഇൻഷുറൻസിന് രണ്ട് ഭാഗങ്ങളാണ് ഉള്ളത്. തേർഡ് പാർട്ടി പോർഷനും ഓൺ ഡാമേജ് പോർഷനും. വാഹന അപകടം മൂലം മറ്റൊരാളുടെ ജീവനോ സ്വത്തിനോ ഉണ്ടാകുന്ന നാശനഷ്ടങ്ങൾ പരിഹരിക്കുന്നതിനാണ് തേർഡ് പാർട്ടി പോർഷൻ ഉപയോഗിക്കുന്നത്. ഇത് വാഹനങ്ങൾക്ക് നിയമാനുസൃതമായി നിർബന്ധമാണ്. അപകടത്തിൽ വാഹനങ്ങൾക്കുണ്ടാകുന്ന കേടുപാടുകൾ പരിഹരിക്കുന്നതിന് ഉടമയെ സാമ്പത്തികമായി സഹായിക്കുന്നതിനാണ് ഓൺ ഡാമേജ് പോർഷൻ ഉപകാരപ്പെടുന്നത്.   

പ്രകൃതി ദുരന്തം മൂലം വാഹനം നശിച്ചാലോ വാഹനം മോഷണം പോയാലോ ഉണ്ടാകുന്ന നഷ്ടം പരിഹരിക്കുന്നതിനും ഓൺ ഡാമേജ് പോർഷൻ ഉടമയെ സഹായിക്കും. ആഡ്-ഓൺ ഓപ്ഷൻ വഴി കൂടുതൽ സേവനങ്ങളും ഇൻഷുറൻസ് കമ്പനികൾ നൽകാറുണ്ട്. അതും വാഹന ഉടമയുടെ ആവശ്യാനുസരണം ഇൻഷുറൻസിനോടൊപ്പം ചേർക്കാവുന്നതാണ്.

ENGLISH SUMMARY:

The Kerala Police has released an informative educational video clarifying the critical distinctions between Third-Party and Full Cover vehicle insurance policies. While Third-Party insurance is legally mandatory, it only covers financial liabilities arising from damage or injury caused to another person or their property. To claim compensation for damages sustained by one's own vehicle during an accident, owners must possess the Own Damage (OD) component included in a Full Cover policy. Additionally, Full Cover policies protect against vehicle theft, damages from natural disasters, and offer optional add-on features tailored to owner requirements.