TAGS

മാസപ്പടി ഡയറി പുറത്തുവിട്ട ഷോണ്‍ ജോര്‍ജിനെതിരെ ബി.ജെ.പിയില്‍ വിമര്‍ശനം. ബി.ജെ.പി നേതാക്കളെ അനാവശ്യമായി വിവാദത്തിലേക്ക് വലിച്ചിഴച്ചെന്നാണ് മുതിര്‍ന്ന നേതാക്കള്‍ ആരോപിക്കുന്നത്. പാര്‍ട്ടിയുമായി ആലോചിക്കാതെയാണ് ഷോണിന്‍റെ നീക്കമെന്നും കുറ്റപ്പെടുത്തലുണ്ട്. ഷോണിന്‍റെ രേഖയേക്കുറിച്ച് തനിക്ക് ഉത്തരവാദിത്തമില്ലെന്ന് പറഞ്ഞ് വി. മുരളീധരന്‍ അതൃപ്തി പരസ്യമാക്കി. 

എല്‍.ഡി.എഫും യു.ഡി.എഫും രണ്ടല്ല, ഒന്നാണ് എന്നതാണ് കേരളത്തില്‍ ബി.ജെ.പി എന്നും ഉയര്‍ത്തുന്ന ഏറ്റവും പ്രധാന മുദ്രാവാക്യം. അതിന് തെളിവാണ് ഇ.ഡിയുടെ കത്തിന്‍റെ അടിസ്ഥാനത്തില്‍ പിണറായിക്കും മുഹമ്മദ് റിയാസിനുമെതിരെ കേസെടുക്കാതെ അന്വേഷിക്കാന്‍ യു.ഡി.എഫ് സര്‍ക്കാര്‍ തീരുമാനിച്ചതെന്ന് ആരോപിച്ച് മുന്നേറാനായിരുന്നു ബി.ജെ.പി തീരുമാനം. ഇക്കാര്യം തെളിയിക്കാനുള്ള രേഖയെന്ന പേരിലാണ് പിണറായി മാത്രമല്ല, വി.ഡി.സതീശനടക്കം ഒട്ടേറെ എല്‍.ഡി.എഫ് യു.ഡി.എഫ് നേതാക്കളും മാസപ്പടി പറ്റിയെന്ന് ആരോപിക്കുന്ന ഡയറിപ്പേജ് ഇന്നലെ ഷോണ്‍ പുറത്തുവിട്ടത്. ബി.ജെ.പി നേതാക്കളുടെ പേര് മറച്ചുവെച്ചാണ് പുറത്തുവിട്ടതെങ്കിലും അതോടെ ചര്‍ച്ച ബി.ജെ.പി നേതാക്കളിലേക്കും നീണ്ടു. നേതാക്കളോട് ആലോചിക്കാതെയായിരുന്നു സംസ്ഥാന കമ്മിറ്റി ഓഫീസില്‍ വെച്ചുള്ള ഷോണിന്‍റെ വാര്‍ത്താസമ്മേളനം. ഇതോന്നും അറിയാതെ തൊട്ടുപിന്നാലെ മറ്റൊരു വാര്‍ത്താസമ്മേളനത്തിനെത്തിയ വി. മുരളീധരന്‍ മാസപ്പടി ആരോപണത്തില്‍ കുടുങ്ങി.

ഇതിലാണ് പക്ഷഭേദമില്ലാതെ ബി.ജെ.പി നേതാക്കള്‍ക്ക് അമര്‍ഷം. ഷോണ്‍ വ്യക്തിപരമായ താല്‍പര്യം നോക്കി നടത്തിയ നീക്കം മൂലം ബി.ജെ.പിയുടെ മേല്‍ക്കൈ നഷ്ടമായെന്നും ഇപ്പോള്‍ ഞങ്ങള്‍ പണം വാങ്ങിയില്ലായെന്ന് പറഞ്ഞ് നടക്കേണ്ട അവസ്ഥയായി ബി.ജെ.പി നേതാക്കള്‍ക്കുമെന്നാണ് വിമര്‍ശനം. ഡയറിയിലെ തന്‍റെ പേര് നിഷേധിച്ച വി. മുരളീധരന്‍, ഷോണിനോടുള്ള അതൃപ്തി പരസ്യമാക്കി. സംസ്ഥാന വൈസ് പ്രസിഡന്‍റായ ഷോണ്‍ പാര്‍ട്ടിയോട് ആലോചിച്ച് പ്രവര്‍ത്തിക്കണമെന്ന താക്കീത് നല്‍കാന്‍ സംസ്ഥാന പ്രസിഡന്‍റ് തയാറാകണമെന്ന ആവശ്യവും പാര്‍ട്ടിയില്‍ ഉയരുന്നുണ്ട്.

ENGLISH SUMMARY:

Shaun George's Masappadi Diary has sparked criticism within the BJP, with senior leaders accusing him of unnecessarily dragging party leaders into controversy without consultation. V Muraleedharan has publicly expressed his displeasure, stating he has no responsibility for Shaun's actions and that this move has cost the BJP its upper hand.