കേന്ദ്ര മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ (സിഇസി) ഗ്യാനേഷ് കുമാർ അടിയന്തരമായി രാജിവയ്ക്കണമെന്നും അദ്ദേഹത്തിനെതിരെ ക്രിമിനൽ നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് സിജെപി നേതാക്കൾ രംഗത്ത്. ഗ്യാനേഷ് കുമാർ 'ഒന്നാം നമ്പർ രാജ്യദ്രോഹി'യാണെന്നും ജനാധിപത്യ സംവിധാനങ്ങളെ തകർത്ത് ബിജെപിക്ക് അനുകൂലമായി വോട്ടർപട്ടിക അട്ടിമറിക്കുകയാണെന്നും സിജെപി നേതാവ് അഭിജിത് ദീപ്കെ ന്യൂഡൽഹിയിൽ നടന്ന വാർത്താസമ്മേളനത്തിൽ ആരോപിച്ചു.
48 മണിക്കൂറിനകം ഗ്യാനേഷ് കുമാർ രാജിയില്ലെങ്കില്‍ ജന്തര്‍ മന്തര്‍ 2.0 ഉണ്ടാകുമെന്നും, രാജ്യവ്യാപകമായി പ്രക്ഷോഭം ആരംഭിക്കുമെന്നും എല്ലാ സംസ്ഥാനങ്ങളിലും പ്രതിഷേധങ്ങൾ വ്യാപിപ്പിക്കുമെന്നും സംഘടന മുന്നറിയിപ്പ് നൽകി.
കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷം നേടാൻ കഴിയാതെപോയതോടെയാണ് വോട്ടർപട്ടിക തിരിമറിയിലൂടെ പ്രതിപക്ഷ നിരയെ തകർക്കാൻ ശ്രമം തുടങ്ങിയതെന്ന് സിജെപി ആരോപിച്ചു. കേന്ദ്രീകൃത സോഫ്റ്റ്‌വെയർ സംവിധാനം ഉപയോഗിച്ച് പ്രാദേശിക ഉദ്യോഗസ്ഥരുടെ (എസ്ഡിഎം) അധികാരം തട്ടിയെടുക്കുകയും ഡൽഹിയിൽനിന്ന് റിമോട്ട് കൺട്രോൾ വഴി വോട്ടർപട്ടിക കൈകാര്യം ചെയ്യുകയുമാണ്. ജെന്‍.സി വോട്ടർമാർ ഭരണകൂടത്തിനെതിരായി വോട്ട് ചെയ്യുമെന്ന ഭയത്താൽ അവരുടെ വോട്ടുകൾ കരുതിക്കൂട്ടി വെട്ടിമാറ്റിയെന്നും സിജെപി ചൂണ്ടിക്കാട്ടി.
മഹാരാഷ്ട്രയിൽ മാത്രം രണ്ടു കോടിയോളം വോട്ടുകളും രാജ്യത്താകമാനം 13 കോടി വോട്ടർമാരെയും പട്ടികയിൽനിന്ന് പുറത്താക്കി. മമത ബാനർജി, എം.കെ.സ്റ്റാലിൻ, അരവിന്ദ് കെജ്‌രിവാൾ, പിണറായി വിജയൻ തുടങ്ങിയ പ്രമുഖ പ്രതിപക്ഷ നേതാക്കളെയും പ്രാദേശിക പാർട്ടികളെയും ലക്ഷ്യമിട്ട് നടത്തിയ ഈ അട്ടിമറിക്ക് പിന്നിൽ വൻ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നിർദേശപ്രകാരമാണ് ഗ്യാനേഷ് കുമാർ പ്രവർത്തിക്കുന്നതെന്നും വാർത്താസമ്മേളനത്തിൽ ആരോപണമുയർന്നു.
തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിഷ്പക്ഷതയും സുതാര്യതയും തിരിച്ചുപിടിക്കാൻ മൂന്നു പ്രധാന ആവശ്യങ്ങളാണ് സിജെപി മുന്നോട്ടുവച്ചിട്ടുള്ളത്:
കമ്മിഷണറുടെ രാജി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കുകയും അദ്ദേഹത്തിനെതിരെ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്യുകയും വേണം. ആരുടെ നിർദേശപ്രകാരമാണ് അട്ടിമറി നടത്തിയതെന്ന് വെളിപ്പെടുത്തണം.
തിരഞ്ഞെടുപ്പുകൾ നിർത്തിവയ്ക്കുക: വരാനിരിക്കുന്ന എല്ലാ തിരഞ്ഞെടുപ്പുകളും ഉടനടി നിർത്തിവയ്ക്കുകയും എസ്‌ഐആർ നടപടികൾ റദ്ദാക്കുകയും വേണം. 2025 ജനുവരിയിലെ വോട്ടർപട്ടിക പുനഃസ്ഥാപിച്ച് സ്വതന്ത്ര അന്വേഷണസമിതിയെ നിയമിക്കണം.
നിയമഭേദഗതി: തിരഞ്ഞെടുപ്പ് കമ്മിഷണർമാരെ നിയമിക്കുന്നതിനുള്ള 2023ലെ നിയമം റദ്ദാക്കി, വിശ്വാസ്യതയുള്ള പുതിയ നിയമനിർമാണം നടത്തണം.
കേന്ദ്ര സർക്കാരിന്റെയും തിരഞ്ഞെടുപ്പ് കമ്മിഷന്റെയും ജനാധിപത്യവിരുദ്ധ നടപടികൾക്കെതിരെ പ്രതിപക്ഷ കക്ഷികളും യുവാക്കളും ഒന്നിക്കണമെന്നും രാജിവയ്ക്കാത്തപക്ഷം ഡൽഹി കേന്ദ്രീകരിച്ച് ശക്തമായ ജനകീയ പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കുമെന്നും സിജെപി മുന്നറിയിപ്പ് നൽകി. വാര്‍ത്താസമ്മേളനം നടക്കുന്നിടത്ത് കേന്ദ്രസേനെയും ഡല്‍ഹി പൊലീസിനെയും വിന്യസിച്ചു.