ശബരിമല തീർത്ഥാടനത്തിന് മുന്നോടിയായി പത്തനംതിട്ട കെ.എസ്.ആർ.ടി.സി ബസ് ഡിപ്പോയിലെ ശോചനീയാവസ്ഥയ്ക്ക് അടിയന്തര പരിഹാരം കാണാൻ തീരുമാനം. ഒൻപത് വർഷമായി കെട്ടിട നമ്പർ പോലും ലഭിക്കാതെ കിടക്കുന്ന സമുച്ചയത്തിന്റെ നിർമ്മാണ തടസ്സങ്ങൾ വേഗത്തിൽ നീക്കും. അബിൻ വർക്കി എം.എൽ.എയുടെ ഇടപെടലിലാണ് CMD നേരിട്ടെത്തിയത്.
ശബരിമല തീർത്ഥാടനം അടുത്തിരിക്കെ പത്തനംതിട്ട കെഎസ്ആർടിസി ഡിപ്പോ നേരിടുന്ന ഗുരുതര പ്രതിസന്ധികൾക്കാണ് പരിഹാരമാകുന്നത്. ഡിപ്പോയുടെ ദുരവസ്ഥ ചൂണ്ടിക്കാട്ടി ആറന്മുള എംഎൽഎ അബിൻ വർക്കി കോടിയാട്ട് ഗതാഗത മന്ത്രിക്ക് നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അടിയന്തര യോഗം. ഒൻപത് വർഷമായി കെട്ടിട നമ്പർ ലഭിക്കാത്ത വിഷയത്തിൽ ഉടൻ തീരുമാനമുണ്ടാകും. സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ് പൂർത്തിയാക്കി പൊലൂഷ്യൻ കൺട്രോൾ ബോർഡിന്റെ അനുമതി വാങ്ങാനും, ഫയർ സർട്ടിഫിക്കറ്റ് വേഗത്തിലാക്കാനും സിഎംഡിയുടെ സാന്നിധ്യത്തിൽ ചേർന്ന യോഗം തീരുമാനിച്ചു.
തീർത്ഥാടകർക്കായി പ്രത്യേക കൗണ്ടറും കൂടുതൽ ജീവനക്കാരെയും അനുവദിക്കും. പുതിയ ഗ്യാരേജിന്റെ നിർമ്മാണം സമയബന്ധിതമായി തീർക്കുമെന്ന് എംഎൽഎ അറിയിച്ചു. തീർത്ഥാടന മുന്നൊരുക്കങ്ങൾക്കൊപ്പം റെയിൽവേ യാത്രക്കാർക്ക് ആശ്വാസമായി പത്തനംതിട്ട- ചെങ്ങന്നൂർ റൂട്ടിൽ പുതിയ 'പ്രിയദർശിനി' ബസ് സർവീസിനും തുടക്കമായി.