പ്രശസ്ത അർജന്റീന ഫുട്ബോൾ താരം ലയണൽ മെസ്സിയെയും അർജന്റീന ദേശീയ ടീമിനെയും കേരളത്തിൽ എത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് കോടികളുടെ തട്ടിപ്പ് നടത്തിയ കേസിൽ കള്ളപ്പണ ഇടപാട് സംശയിക്കുന്നതായി പ്രത്യേക അന്വേഷണ സംഘം (SIT). കേസിൽ കേന്ദ്ര ഏജൻസിയായ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ED) അന്വേഷണം ശുപാർശ ചെയ്തുകൊണ്ടുള്ള പ്രാഥമിക റിപ്പോർട്ട് എസ്.ഐ.ടി ഇന്ന് സംസ്ഥാന പൊലീസ് മേധാവിക്ക് (DGP) കൈമാറും. മുൻ കായികവകുപ്പ് മന്ത്രി വി. അബ്ദുറഹിമാന് തട്ടിപ്പിൽ പങ്കുണ്ടെന്ന വ്യക്തമായ തെളിവുകൾ ലഭിച്ചതായും, അഴിമതി നിരോധന നിയമപ്രകാരം കേസ് എടുക്കാൻ അനുമതി തേടുമെന്നും അന്വേഷണസംഘം വ്യക്തമാക്കി.
റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനിയുടെ മേധാവി ആന്റോ അഗസ്റ്റിൻ ഉൾപ്പെടെയുള്ളവർക്കെതിരെ നിലവിൽ കളമശ്ശേരി പൊലീസിലാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. വഞ്ചന, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയിട്ടുള്ള കേസിൽ കോടിക്കണക്കിന് രൂപയുടെ വിദേശ പണമിടപാടുകളും കള്ളപ്പണ ഇടപാടുകളും നടന്നിട്ടുണ്ടെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ.
വിദേശത്തേക്കുള്ള സാമ്പത്തിക കൈമാറ്റം അന്വേഷിക്കുന്നതിൽ സംസ്ഥാന പൊലീസിന് പരിമിതികളുള്ളതിനാലാണ് കേന്ദ്ര സാമ്പത്തിക കുറ്റകൃത്യ അന്വേഷണ ഏജൻസികളെ ചുമതലപ്പെടുത്തണമെന്ന് എസ്.ഐ.ടി റിപ്പോർട്ടിൽ ആവശ്യപ്പെടുന്നത്. കായിക വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും മുൻ കായികമന്ത്രിയും പ്രതികൾക്ക് വഴിവിട്ട സഹായങ്ങൾ ചെയ്തു നൽകിയതായി സമീപദിവസങ്ങളിൽ നടന്ന റെയ്ഡുകളിൽ കണ്ടെത്തിയിരുന്നു.
ഡി.ജി.പിക്ക് കൈമാറുന്ന റിപ്പോർട്ട് സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ പരിഗണനയ്ക്ക് അയക്കും. സർക്കാരിന്റെയും ആഭ്യന്തര വകുപ്പിന്റെയും അനുമതിയോടെയായിരിക്കും കേസ് കേന്ദ്ര ഏജൻസികൾക്ക് കൈമാറുന്നതിലും മുൻ മന്ത്രിക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം നടപടി സ്വീകരിക്കുന്നതിലും അന്തിമ തീരുമാനമുണ്ടാകുക. തട്ടിപ്പുമായി ബന്ധപ്പെട്ട് കളമശ്ശേരി പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ കൂടുതൽ ഉന്നതരെ വരുംദിവസങ്ങളിൽ ചോദ്യം ചെയ്യാനാണ് അന്വേഷണസംഘത്തിന്റെ നീക്കം.