ശബരിമല സന്നിധാനത്ത് അരവണ ക്ഷാമമെങ്കില്‍ പമ്പ ഗണപതി ക്ഷേത്രത്തില്‍ മോദകം, അവല്‍ പ്രസാദങ്ങളുമില്ല. ഇന്നലെ മുതൽ പ്രസാദം കിട്ടാനില്ലെന്ന് തീർഥാടകര്‍ പറയുന്നു. പമ്പയിലെ പ്രസാദ വിതരണം മുടങ്ങിയതിന്‍റെ കാരണവും തീര്‍ഥാടകരുടെ തിരക്ക് കൂടിയതിനാലെന്നാണ് ദേവസ്വം ബോര്‍ഡിന്‍റെ വിശദീകരണം.

അതേസമയം, അരവണ ക്ഷാമത്തെച്ചൊല്ലി ദേവസ്വം മന്ത്രിയും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും നേര്‍ക്കുനേര്‍ നില്‍ക്കുകയാണ്. ബോര്‍ഡിന് ഉത്തരവാദിത്തം നടപ്പാക്കാനായില്ലെങ്കില്‍ സര്‍ക്കാര്‍ നിയന്ത്രിക്കുമെന്ന മന്ത്രിയുടെ ഓര്‍മപ്പെടുത്തല്‍ തീര്‍ഥാടന മേല്‍നോട്ടം പ്രത്യേക സമിതിയെ ഏല്‍പ്പിക്കുമെന്നതിന്‍റെ സൂചനയാണ്. വിമര്‍ശനം ഉള്‍ക്കൊള്ളുന്നുവെന്ന് ദേവസ്വം ബോര്‍ഡ് ഭരണസമിതി പറയുമ്പോഴും സന്നിധാനത്തെ അരവണ പ്ലാന്‍റിന്‍റെ നവീകരണം മന്ത്രിയെ ധരിപ്പിച്ചിട്ടുള്ള വിഷയമെന്നാണ് നിലപാട്.

ഹൈക്കോടതി അനുമതിയോടെ പൊളിച്ച പ്ലാന്‍റിന്‍റെ പൂര്‍ത്തീകരണത്തിന് 45 ദിവസം വരെ വേണ്ടിവരും. ദിവസേനയുള്ള നിര്‍മാണ ശേഷി രണ്ടേകാല്‍ ലക്ഷത്തില്‍ നിന്നും മൂന്നേകാല്‍ ലക്ഷമാക്കി ഉയര്‍ത്താനാവും. അടുത്തമാസം പത്തിന് പ്ലാന്‍റ് പ്രവര്‍ത്തനക്ഷമമാകുമെന്നും മണ്ഡലകാല തീര്‍ഥാടനത്തിന് അരവണയുടെ മതിയായ കരുതലൊരുക്കുമെന്നും ബോര്‍ഡിന്‍റെ വിശദീകരണം.

അതേസമയം, മന്ത്രിയും ബോര്‍ഡുമായുള്ള ഭിന്നതയ്ക്കിടെ തീര്‍ഥാടന മുന്നൊരുക്കങ്ങള്‍ സ്റ്റേറ്റ് അറ്റോര്‍ണി ജനറലിന്‍റെ നേതൃത്വത്തില്‍ പമ്പയില്‍ വിലയിരുത്തി. മുന്നൊരുക്കങ്ങളും പുരോഗതിയും പൂര്‍ത്തായാക്കേണ്ട കാര്യങ്ങളും ഉള്‍പ്പെടെ വിശദമായ റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിക്കും.

ENGLISH SUMMARY:

A severe crisis has emerged across Sabarimala pilgrimage centers as the shortage of Aravana prasadam at Sannidhanam extends to Pamba Ganapathy Temple, where Modakam and Aval offerings have been completely unavailable since yesterday. The Travancore Devaswom Board attributed the sudden distribution failure at Pamba to an unexpectedly heavy surge in pilgrim footfall. Meanwhile, a major dispute has escalated between the Devaswom Minister and the Devaswom Board, with the Minister warning that the state government might directly step in or appoint a special committee if the board fails to carry out its responsibilities. In response, the Board clarified that the ongoing high-court-approved renovation of the Sannidhanam Aravana plant was already conveyed to the Minister and promised that the unit will become operational by the 10th of next month to boost daily capacity from 2.25 lakh to 3.25 lakh cans ahead of the Mandalam season.