സെക്രട്ടേറിയറ്റിന് മുന്നിൽ നിരാഹാരസത്യാഗ്രഹം തുടരുന്ന ചലച്ചിത്ര സംവിധായകൻ സനൽ കുമാർ ശശിധരനെതിരെ രൂക്ഷവിമർശനവുമായി മുൻമന്ത്രിയും സി.പി.എം. നേതാവുമായ കെ.കെ. ശൈലജ. നടി മഞ്ജു വാര്യർക്കെതിരെ സനൽ കുമാർ ശശിധരൻ നടത്തുന്നത് ഹീനമായ അതിക്രമമാണെന്ന് കെ.കെ. ശൈലജ ഫെയ്സ്ബുക്കിൽ കുറിച്ചു. സി.പി.എം. നേതാവും മന്ത്രിയുമായ വി. ശിവൻകുട്ടിക്ക് പിന്നാലെയാണ് മഞ്ജു വാര്യരെ പിന്തുണച്ചും സനൽ കുമാറിനെ കടുത്ത ഭാഷയിൽ വിമർശിച്ചും കെ.കെ. ശൈലജയും പരസ്യമായി രംഗത്തെത്തിയത്.
'മലയാളത്തിന്‍റെ അഭിമാനമായ അഭിനേത്രിമാരിൽ ഒരാളാണ് മഞ്ജു വാര്യർ. ജീവിതത്തിലെ പ്രതിസന്ധികളെ മാതൃകാപരമായി അതിജീവിച്ച ഒരാളെന്ന നിലയിലും മഞ്ജു നിരവധി പേർക്ക് പ്രചോദനമാണ്. മഞ്ജുവിനെതിരെ സനൽ കുമാർ ശശിധരൻ നടത്തുന്നത് ഹീനമായ അതിക്രമമാണ്. മാനസിക വിഭ്രാന്തി കാണിക്കുന്ന ഒരു കുറ്റവാളിയുടെ ജല്പനങ്ങൾക്ക് വിട്ടുകൊടുക്കാനുള്ളതല്ല അവരുടെ ജീവിതം. ഇത്തരക്കാർക്കെതിരെ സർക്കാർ ശക്തമായ നടപടികൾ സ്വീകരിക്കണം.
മഞ്ജു നടത്തുന്ന നിയമ പോരാട്ടങ്ങൾക്ക് എല്ലാ പിന്തുണയും പ്രാഖ്യാപിക്കുന്നു,' കെ.കെ.ശൈലജ കുറിച്ചു.
ശൈലജയുടെ പോസ്റ്റില്‍ മറുപടി കമന്‍റ്‍ സനല്‍ കുമാര്‍ ശശിധരനും കുറിച്ചു. 'ടീച്ചറേ ഞാൻ രേഖമൂലം കൊടുത്ത പരാതി അന്വേഷിക്കാൻ ആവശ്യപ്പെടാതെ ഞാൻ അവരെ അപമാനിക്കുന്നു എന്ന് ആരോപിക്കുന്നതിന് സിപിഎം നേതാക്കൾ വരിനിൽക്കുന്നത് എന്തിനാണ്. അന്വേഷണം നടത്തി ഞാൻ പറയുന്നത് തെറ്റാണ് എങ്കിൽ എന്നെ അറസ്റ്റ് ചെയ്യൂ. അല്ലാതെ സെക്സ് റാക്കറ്റിനെ കുറിച്ച് അന്വേഷിക്കാൻ പറയുമ്പോൾ നിങ്ങളൊക്കെ എന്തിനാണ് ഇത്ര വിറളി പിടിക്കുന്നത്. നിങ്ങളൊക്കെയാണോ സെക്സ് റാക്കറ്റിന്റെ സ്പോൺസർമാർ.
എന്റെ ആവശ്യങ്ങൾ ചുവടെ
സനൽ കുമാർ ശശിധരൻ 14.09.2026 മുതൽ അനിശ്ചിതകാല നിരാഹാര സത്യാഗ്രഹത്തിൽ
1. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വിടുക, അതിൽ പറയുന്ന സെക്സ് റാക്കറ്റിനെക്കുറിച്ച് അന്വേഷിക്കുക.
2. എനിക്കെതിരെയുള്ള കള്ളക്കേസുകൾക്ക് പിന്നിൽ സെക്സ് റാക്കററിന്റെ ഗൂഡാലോചന അന്വേഷിക്കുക.
3. 2026 മേയ് മാസം 25 ന് കേരള മുഖ്യമന്ത്രിക്ക് നൽകിയ പരാതി അന്വേഷിക്കുക.
4. മഞ്ജു വാര്യർ സെക്സ് റാക്കറ്റിന്റെ തടവിൽ ആണെന്നുള്ള ആരോപണം അന്വേഷിക്കുക,' സനല്‍ കുമാറിന്‍റെ കമന്‍റ്.