power-cut-02
  • നിലവിലെ സാഹചര്യത്തില്‍ നേരിയ നിയന്ത്രണം ഇന്ന് രാത്രിയിലും വേണ്ടിവരുമെന്നാണ് മുന്നറിയിപ്പ്. ഇന്നലത്തെ വൈദ്യുതി ഉപയോഗം 99.39 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നു. രാത്രികാല വൈദ്യുതി ആവശ്യകത 5348 മെഗാവാട്ട് പിന്നിട്ടു.

 

കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി രാത്രികാല വൈദ്യുതി നിയന്ത്രണമുണ്ടായിരുന്നില്ലെങ്കിലും ഇന്ന്  രാത്രിയില്‍ ഭാഗിക നിയന്ത്രണം വേണ്ടിവന്നേക്കുമെന്ന് കെ.എസ്.ഇ.ബി. രാത്രിയില്‍ 900 മെഗാവാട്ട് വൈദ്യുതിയുടെ കുറവ് പ്രതീക്ഷിക്കുന്നുണ്ട്. വൈകീട്ട് 6.15 മുതല്‍ രാത്രി 12.45 വരെയുള്ള സമയത്താണ് നിയന്ത്രണത്തിന് സാധ്യതയുള്ളത്. വൈദ്യുതി ലഭ്യതയ്ക്കുള്ള എല്ലാ വഴികളും തേടുന്നുവെന്നും പ്രതിസന്ധി നീങ്ങുന്നത് ആശ്വാസമെന്നും മന്ത്രി സണ്ണി ജോസഫ് പറഞ്ഞു. 

 

രണ്ട് ദിവസത്തെ തുടര്‍ച്ചയായ രാത്രികാല ആശ്വാസം വരും ദിവസങ്ങളിലും തുടരുമോ. സാഹചര്യം അനുകൂലമായാല്‍ മലയാളി വിയര്‍ത്തൊലിക്കാതിരിക്കുമെന്ന് പറയുമ്പോഴും ഇന്ന് രാത്രിയിലും വൈദ്യുതി നിയന്ത്രണ മുന്നറിയിപ്പ് കെ.എസ്.ഇ.ബി നല്‍കുന്നുണ്ട്. നിലവിലെ സാഹചര്യത്തില്‍ നേരിയ നിയന്ത്രണം ഇന്ന് രാത്രിയിലും വേണ്ടിവരുമെന്നാണ് മുന്നറിയിപ്പ്. ഇന്നലത്തെ വൈദ്യുതി ഉപയോഗം 99.39 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നു. രാത്രികാല വൈദ്യുതി ആവശ്യകത 5348 മെഗാവാട്ട് പിന്നിട്ടു.

 

ദേശീയതലത്തില്‍ ലഭിക്കേണ്ട വൈദ്യുതിയുടെ അളവ് കൃത്യമായി നിലനിര്‍ത്താനായതും പവര്‍ എക്സ്ചേഞ്ച് വഴി മതിയായ വൈദ്യുതി ലഭിച്ചതുമാണ് ആശ്വാസമായത്. കര്‍ണാടക, തമിഴ്നാട് സംസ്ഥാനങ്ങളിലെ വൈദ്യുതി ഉപയോഗം കുറഞ്ഞതും നിയന്ത്രണം ഒഴിവാക്കാന്‍ സഹായിച്ചുവെന്നാണ് കെ.എസ്.ഇ.ബി വിലയിരുത്തല്‍. ഇതേമട്ടില്‍ തുടര്‍ന്നാല്‍ 900 മെഗാവാട്ടെന്ന പരിമിതി മറികടന്ന് ഇന്നും നിയന്ത്രണം ഒഴിവാക്കാനാവും. ഊര്‍ജ സ്ഥിരത നേടുന്ന മട്ടില്‍ അനുകൂല നിലയിലേക്ക് കാര്യങ്ങളെത്തുന്നുവെന്നാണ് വൈദ്യുതി മന്ത്രിയുടെ പ്രതികരണം. 

 

വൈദ്യുതി മുടക്കത്തിന്‍റെ പേരില്‍ അകാരണമായി ആക്രമണത്തിന് വിധേയമാവുന്നുവെന്ന കെ.എസ്.ഇ.ബി ജീവനക്കാരുടെ ആശങ്കയിലും‍ പൊലീസിന്‍റെ ഇടപെടല്‍. ഇത്തരം കേസുകൾ അന്വേഷിച്ച് വേഗത്തിൽ തീർപ്പാക്കണമെന്നും വ്യക്തിപരമായ നിരീക്ഷണം വേണമെന്നും നിര്‍ദേശിച്ച് എ.ഡി.ജി.പി പി.വിജയന്‍ ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് കത്തയച്ചു. പ്രശ്ന സാധ്യതാ പ്രദേശങ്ങളിൽ കെഎസ്ഇബി ജീവനക്കാർക്ക് പൊലീസ് സംരക്ഷണം നൽകണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. കെ.എസ്ഇബി ചെയർമാന്റെ കത്തിന്‍റെ അടിസ്ഥാനത്തിലാണ് എ.ഡി.ജി.പിയുടെ നടപടി.

ENGLISH SUMMARY:

Although there were no nighttime power restrictions over the past two days, partial restrictions may be required tonight, according to the Kerala State Electricity Board (KSEB). KSEB expects a power shortfall of around 900 MW during the night. Restrictions may be imposed between 6:15 pm and 12:45 am. Electricity Minister Sunny Joseph said all possible avenues are being explored to ensure adequate power availability and that the easing of the crisis is a relief.