aluva-lady-death

TOPICS COVERED

  • ബുധനാഴ്ച പുലർച്ചെ അനില തോമസ് കൈകൂപ്പി പ്രാർഥിച്ച ശേഷം ഫ്ലാറ്റ് കോമ്പൗണ്ടിൽ നിർത്തിയിട്ടിരുന്ന കാറിലേക്ക് കയറുന്ന ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു.

ആലുവ കമ്പനിപ്പടിയിൽ കാറിൽ മരിച്ച നിലയിൽ കണ്ടെത്തിയ പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശി അനില തോമസ് കാറിലേക്ക് കയറുന്ന സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന്. ബുധനാഴ്ച പുലര്‍ച്ചെ ഒറ്റയ്ക്ക് നടന്നു കാറിനരികിലെത്തിയ യുവതി കൈകൂപ്പി പ്രാര്‍ഥിച്ചുകൊണ്ട് കാറിലേക്ക് കയറുകയായിരുന്നു. ഇന്നലെയാണ് ആലുവ ചൂർണിക്കരയുള്ള ഫ്ളാറ്റിന്റെ കോമ്പൗണ്ടിലെ ഉപയോഗിക്കാതെ കിടന്നിരുന്ന കാറിന്റെ പിൻസീറ്റിലാണ് യുവതിയുടെ മൃതദേഹം കണ്ടത്. ഫ്ളാറ്റിൽ മൂന്ന് മാസമായി അനില തോമസ് ഒറ്റയ്ക്കായിരുന്നു താമസം.

Also Read: ആലുവയിൽ കാറിനകത്ത് യുവതി മരിച്ച നിലയിൽ; മൃതദേഹം അഴുകിയ നിലയിൽ

കാറിനുള്ളിലേക്ക് കയറിയ യുവതി പിന്നീട് പുറത്തേക്ക് വന്നില്ല. ഒന്നര ദിവസത്തിനു ശേഷമാണ് യുവതിയുടെ മൃതദേഹം അഴുകിത്തുടങ്ങിയ നിലയിൽ കണ്ടെത്തുന്നത്. ഫ്ലാറ്റില്‍ താമസിക്കുന്ന കുട്ടികള്‍ കളിക്കുന്നതിനിടെ ദുര്‍ഗന്ധം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കാറിന്‍റെ പിന്‍സീറ്റില്‍ മൃതദേഹം കണ്ടെത്തിയത്. പോസ്റ്റ്‌മോർട്ടത്തിൽ യുവതിക്കു ഗുരുതരമായ ഹൃദ്രോഗവും ആന്തരികാവയവങ്ങൾക്കു വലിയ തോതിൽ തകരാറും ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്. മുൻപ് കരൾ നീക്കം ചെയ്യുന്നതടക്കമുള്ള ശസ്ത്രക്രിയകൾ നടന്നിരുന്നതായും വയറ്റിൽ 25 സെന്റീമീറ്റർ നീളമുള്ള പാടുണ്ടെന്നും പൊലീസ് അറിയിച്ചു.

പ്രാഥമിക പരിശോധനയിൽ ആക്രമണത്തിന്റെയോ മറ്റ് അസ്വാഭാവികതകളുടെയോ ലക്ഷണങ്ങളില്ലെങ്കിലും വിഷാംശം ഉള്ളിൽ ചെന്നിട്ടുണ്ടോ എന്നത് ഉറപ്പാക്കാൻ ആന്തരാവയവങ്ങളുടെ സാംപിളുകൾ ഫൊറൻസിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. കടുത്ത പുകവലി ശീലമുണ്ടായിരുന്ന വ്യക്തിയായിരുന്നു അനില എന്നതിന്റെ തെളിവുകളും പൊലീസിന് ലഭിച്ചു.

Also Read: ഫോണ്‍ വിളിച്ച് അമ്മയോട് മോശമായി സംസാരിച്ചു; സുഹൃത്ത് പെട്രോളൊഴിച്ച് തീ കൊളുത്തിയ യുവാവ് മരിച്ചു

റജിസ്‌ട്രേഷൻ കാലാവധി കഴിഞ്ഞതിനെ തുടർന്ന് റീടെസ്റ്റ് നടത്താനായി ഇട്ടിരുന്നതാണു മൃതദേഹം കണ്ടെത്തിയ കാർ. ഇത് അപാർട്‌മെന്റിലെ മറ്റൊരു താമസക്കാരന്റേതാണ്. കാറിന്റെ ഉടമയും അനിലയും തമ്മിൽ പരിചയമില്ലെന്നും പൊലീസ് വ്യക്തമാക്കി. അയൽക്കാരുമായി അധികം സംസാരിക്കാത്ത വ്യക്തിയായിരുന്നു അനിലയെന്ന് അയൽവാസികൾ പറയുന്നു. വളർത്തുനായക്കൊപ്പം നടക്കാൻ പോകുമായിരുന്നു. ക്യാൻസർ രോഗത്തിനു ചികിത്സയിലായിരുന്ന ഇവർ മുൻപ് തിരുവനന്തപുരത്ത് ഐടി മേഖലയിലാണ് ജോലി ചെയ്തിരുന്നതെന്ന് സമീപവാസികളോട് പറഞ്ഞിട്ടുണ്ട്.

ENGLISH SUMMARY:

Police have retrieved CCTV footage showing Palakkad native Anila Thomas folding her hands in prayer before entering a parked car in Aluva, where her body was later found. The decomposing body of the woman, who had been living alone in a nearby apartment for three months, was discovered on the back seat of an unused vehicle by children playing in the compound. A post-mortem examination revealed severe heart disease, significant organ damage, and evidence of prior major surgeries, though no external signs of assault were detected. Authorities have sent visceral samples for forensic analysis to rule out poisoning while continuing their investigation into the suspicious death.