anto-augustine-remanded-illegal-liquor-case-wayanad
  • വീട് തന്റേതല്ലെന്ന് ആന്റോ വാദിച്ചെങ്കിലും, 2025-ൽ നികുതി അടച്ച പഞ്ചായത്ത് രേഖകൾ ഹാജരാക്കി എക്സൈസ് ശക്തമായ നിലപാടെടുത്തു.

വയനാട് വാഴവറ്റയിലെ കുടുംബവീട്ടിൽ നിന്ന് വൻതോതിൽ അനധികൃത മദ്യശേഖരം പിടിച്ചെടുത്ത കേസിൽ അറസ്റ്റിലായ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി ഉടമ ആന്റോ അഗസ്റ്റിനെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. അബ്കാരി ആക്ട് പ്രകാരം കൽപ്പറ്റ എക്സൈസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രതിയെ കോടതി ഈ മാസം 30 വരെയാണ് റിമാൻഡ് ചെയ്തത്. ഉത്തരവിനെ തുടർന്ന് പ്രതിയെ മാനന്തവാടി ജില്ലാ ജയിലിലേക്ക് കൊണ്ടുപോയി. അതേസമയം, ആന്റോ അഗസ്റ്റിൻ സമർപ്പിച്ച ജാമ്യാപേക്ഷ കോടതി നാളെ വീണ്ടും പരിഗണിക്കും.

കേസിൽ കോടതിയിൽ ഇരുവിഭാഗവും തമ്മിൽ അതിശക്തമായ വാദപ്രതിവാദങ്ങളാണ് നടന്നത്. മദ്യം പിടിച്ചെടുത്ത വീടിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച തർക്കമാണ് കോടതിയിൽ പ്രധാനമായും ഉയർന്നത്. മദ്യം പിടിച്ചെടുത്ത വീട് തന്റേതല്ലെന്ന് ആന്റോ അഗസ്റ്റിൻ കോടതിയിൽ വാദിച്ചപ്പോൾ, പഞ്ചായത്ത് രേഖകൾ പ്രകാരം കെട്ടിടം ആന്റോയുടെ പേരിൽ തന്നെയാണ് സ്ഥിതി ചെയ്യുന്നതെന്ന് എക്സൈസ് നിലപാടെടുത്തു. 2025-ൽ നികുതി അടച്ച രേഖകൾ അടക്കം കോടതിയിൽ ഹാജരാക്കിയിട്ടുണ്ടെന്നും, അസിസ്റ്റന്റ് കമ്മീഷണർ നുജൂമിന്റെ നേതൃത്വത്തിലുള്ള സംഘം വിശദമായ അന്വേഷണം നടത്തുമെന്നും എക്സൈസ് വ്യക്തമാക്കി.

റിമാൻഡ് ചെയ്ത സാഹചര്യത്തിൽ ആന്റോ അഗസ്റ്റിനെ കസ്റ്റഡിയിൽ വാങ്ങുന്നതടക്കമുള്ള കാര്യങ്ങൾ അന്വേഷണ ഉദ്യോഗസ്ഥൻ തീരുമാനിക്കുമെന്ന് എക്സൈസ് അധികൃതർ അറിയിച്ചു. പ്രോസിക്യൂഷൻ സമർപ്പിച്ച രേഖകളും തടസ്സവാദങ്ങളും പരിശോധിച്ച കോടതി നാളെ ജാമ്യാപേക്ഷ പരിഗണിക്കും.

ENGLISH SUMMARY:

Reporter Broadcasting Company owner Anto Augustine has been remanded to 14 days of judicial custody in an illegal liquor possession case registered by the Kalpetta Excise team. The remand order, valid until the 30th of this month, was issued following a raid that seized a massive stock of illicit liquor from his family home in Vazhavatta, Wayanad. While the defense argued that the seized property did not belong to him, the Excise presented panchayat tax records from 2025 establishing his ownership. Anto Augustine has been shifted to the Mananthavady District Jail while the court is set to consider his bail application tomorrow.