anto-augustin

വാഴവറ്റയിലെ കുടുംബവീട്ടിൽ നിന്ന് വൻ മദ്യശേഖരം പിടിച്ചെടുത്ത സംഭവത്തിൽ തനിക്ക് യാതൊരു അറിവുമില്ലെന്ന് അറസ്റ്റിലായ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി ഉടമ ആന്റോ അഗസ്റ്റിൻ. ജീവിതത്തിൽ ഇതുവരെ മദ്യപിച്ചിട്ടില്ലെന്നും മദ്യവുമായി ബന്ധപ്പെട്ട കേസ് എന്താണെന്ന് അറിയില്ലെന്നും വൈദ്യപരിശോധനയ്ക്ക് ശേഷം അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. വീട്ടിൽ അനധികൃതമായി മദ്യം സൂക്ഷിച്ചതിന് അബ്കാരി ആക്ട് പ്രകാരം കൽപ്പറ്റ എക്സൈസ് രജിസ്റ്റർ ചെയ്ത കേസിലാണ് ആന്റോ അഗസ്റ്റിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. മെസ്സി സ്പോൺസർഷിപ്പുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ പോലീസിന്റെ നടപടികൾ പൂർത്തിയായെന്നും നിലവിൽ എക്സൈസ് കേസിന്റെ ഭാഗമായാണ് അറസ്റ്റെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വൈദ്യപരിശോധനയ്ക്ക് ശേഷം പ്രതിയെ ബത്തേരി കോടതിയിൽ ഹാജരാക്കാനായി വയനാട്ടിലേക്ക് കൊണ്ടുപോയി.

മെസ്സി സ്പോൺസർഷിപ്പ് സാമ്പത്തിക തട്ടിപ്പ് കേസിലെ ഡിജിറ്റൽ തെളിവുകളും രേഖകളും ശേഖരിക്കാനായി പ്രത്യേക അന്വേഷണ സംഘം (SIT) വയനാട് വാഴവറ്റയിലുള്ള അഗസ്റ്റിൻ സഹോദരന്മാരുടെ കുടുംബവീട്ടിൽ നടത്തിയ പരിശോധനയ്ക്കിടെയാണ് വീടിനുള്ളിൽ സൂക്ഷിച്ചിരുന്ന വൻ മദ്യശേഖരം കണ്ടെത്തിയത്. തുടർന്ന് അന്വേഷണ സംഘം വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ കൽപ്പറ്റ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ടി. ഷറഫുദ്ദീന്റെ നേതൃത്വത്തിലുള്ള സംഘം വീടിനുള്ളിൽ നിന്ന് 67.24 ലീറ്റർ മദ്യം കസ്റ്റഡിയിലെടുക്കുകയായിരുന്നു. സംസ്ഥാനത്ത് ഒരാൾക്ക് കൈവശം വെയ്ക്കാവുന്ന നിയമപരമായ അളവിലും കൂടുതൽ മദ്യം വീടിനുള്ളിൽ അനധികൃതമായി സൂക്ഷിച്ചതായി കണ്ടെത്തിയതിനെ തുടർന്നാണ് അബ്കാരി വകുപ്പുകൾ ചുമത്തി കേസെടുത്തത്.

മദ്യശേഖരം കസ്റ്റഡിയിലെടുത്തതിന് പിന്നാലെ മഹസർ നടപടികൾ പൂർത്തിയാക്കിയ എക്സൈസ് സംഘം ആന്റോ അഗസ്റ്റിനെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസ് റജിസ്റ്റർ ചെയ്യുകയും അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു. നിലവിൽ കസ്റ്റഡിയിലുള്ള പ്രതിയെ ബത്തേരി മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യാനുള്ള തുടർനടപടികളുമായി എക്സൈസ് മുന്നോട്ടുപോകുകയാണ്.

ENGLISH SUMMARY:

Reporter Broadcasting Company owner Anto Augustine has claimed complete ignorance regarding the massive liquor stash seized from his family residence in Vazhavatta, Wayanad. Speaking to the media after his medical examination, he asserted that he has never consumed alcohol in his life and is unaware of the details surrounding the liquor case. The arrest was executed by the Kalpetta Excise under the Abkari Act after a Special Investigation Team uncovered 67.24 liters of illegal alcohol while conducting a raid for digital evidence in a financial fraud case. Following his arrest under non-bailable charges, Excise officials are proceeding to produce him before the Bathery Magistrate Court for remand.