സംസ്ഥാന സെക്രട്ടേറിയറ്റിലേക്കെത്തിയതോടെ പി. ജയരാജന്‍ കണ്ണൂര്‍ സിപിഎമ്മില്‍ സ്വാധീനമേറി. ജില്ലയിലെ സംഘടനാ സംവിധാനം മെച്ചപ്പെടുത്തുന്നതിലും പാര്‍ട്ടിവിട്ടവരെ തിരിച്ചെത്തിക്കുന്നതിലും പിജെയുടെ പ്രവര്‍ത്തനം ഇനി നിര്‍ണായകമാകും. കാലങ്ങളായി ആഗ്രഹിച്ച മാറ്റത്തില്‍ അണികള്‍ ആവേശത്തിലാണ്.

ഇന്നലെ കോഴിക്കോട് നടന്ന സമാപന സമ്മേളനത്തില്‍ പിണറായി വിജയന്‍ ഏറ്റവും കൂടുതല്‍ കൈയ്യടി നേടിയ സിപിഎം നേതാവ് പി. ജയരാജനാണ്. സംസ്ഥാന സെക്രട്ടറിക്ക് പോലും നേടാന്‍ കഴിയാത്ത കൈയ്യടി പി. ജയരാജന് കിട്ടിയെങ്കില്‍ ഉപരികമ്മിറ്റിയിലേക്കുള്ള പ്രവേശത്തിന് അണികള്‍ കാത്തിരുന്നിരുന്നുവെന്ന് സാരം. ഒതുക്കപ്പെട്ടയിടത്ത് ഉയിര്‍ത്തെഴുന്നേറ്റുള്ള വരവിനെ ആഘോഷമാക്കുകയാണ് അണികള്‍. കോഴിക്കോട് നിന്ന് മടങ്ങിയെത്തിയ പിജെയെ സ്വന്തം നാട്ടിലെ പ്രവര്‍ത്തകര്‍ വരവേറ്റത് വൻ ആവേശത്തിൽ .

കണ്ണൂര്‍ രാഷ്ട്രീയത്തില്‍ അനിഷേധ്യനായി വളര്‍ന്ന പി. ജയരാജനെ പ്രവര്‍ത്തകര്‍ ആവേശമായി കൊണ്ടാടുന്നത് ആരെയും കൂസാത്ത നിലപാടും ആര്‍എസ്എസിനെ പ്രതിരോധിക്കുന്ന സമീപനവും കൊണ്ടാണ്. തിരഞ്ഞെടുപ്പ് തോല്‍വിക്ക് ശേഷം 'പിജെയെ വിളിക്കൂ പാര്‍ട്ടിയെ രക്ഷിക്കൂ' എന്ന് മുറവിളി ഉയര്‍ന്നതും ആരും ആഹ്വാനം ചെയ്തിട്ടായിരുന്നില്ല. സംസ്ഥാന സെക്രട്ടേറിയറ്റിലെത്തിയതോടെ പി. ജയരാജന് കണ്ണൂരിലെ പാര്‍ട്ടിയിലെ കരുത്ത് വര്‍ധിക്കുകയാണ്. പ്രവര്‍ത്തക പിന്തുണ തന്നെ അതിന്‍റെ ഏറ്റവും മികച്ച ഉദാഹരണം. 

സംസ്ഥാന സെക്രട്ടറിയ്ക്ക് പോലും പരിഹരിക്കാന്‍ പറ്റാത്ത സംഘടനാ പ്രശ്നങ്ങള്‍ നിലനില്‍ക്കുന്ന തളിപ്പറമ്പിലും പയ്യന്നൂരിലും പി. ജയരാജന്‍റെ ഇടപെടല്‍ നിര്‍ണായകമാകും. ജില്ലാ സെക്രട്ടറി കെ.കെ രാഗേഷിനെതിരെ പോലും അണികള്‍ പരസ്യമായി സാമൂഹ്യമാധ്യമങ്ങളില്‍ രംഗത്തുവരുമ്പോള്‍ അവിടെയും ജയരാജന്‍റെ റോളിന് പ്രസക്തിയുണ്ട്. പാര്‍ട്ടി വിട്ട് മല്‍സരിച്ച് എംഎല്‍എമാരായ വി. കുഞ്ഞികൃഷ്ണന്‍, ടി. കെ ഗോവിന്ദന്‍ എന്നിവരുടെ കാര്യത്തിലും പെട്ടെന്നൊരു നീക്കുപോക്കുണ്ടാകില്ലെങ്കിലും പിജെയുടെ ഇടപെടലുണ്ടായേക്കും. പിജെയുടെ ശക്തമായ ജനകീയ ബലം ഉലഞ്ഞുനില്‍ക്കുന്ന പാര്‍ട്ടിയുടെ സംഘടനാ ശരീരത്തെ കരുത്തുറ്റതാക്കുന്നതില്‍ ഗുണം ചെയ്യുമെന്നുറപ്പാണ്.

ENGLISH SUMMARY:

P Jayarajan's return to the state secretariat signifies a significant increase in his influence within the Kannur CPM. His efforts in strengthening the district's organizational structure and reintegrating expelled party members are expected to be crucial.