പാര്‍ട്ടിയുടെ സംഘടനാകാര്യങ്ങളില്‍  പിബിക്കും വീഴ്ചയുണ്ടായിട്ടുണ്ടെന്ന് സമ്മതിച്ച്  ജനറല്‍  സെക്രട്ടറി എം.എ ബേബി. തിരുത്തലിന്‍റെ ഭാഗമായി വിട്ടുപോയ ആളുകളെ പാര്‍ട്ടിയിലേക്ക്  മടക്കിക്കൊണ്ടുവരുമെന്നും എം.എ ബേബി പറഞ്ഞു. തിരുത്തിലിന്‍റെ ഭാഗമായി താഴെത്തട്ടിലേക്കും അഴിച്ചുപണിക്ക് ഒരുങ്ങുകയാണ് സിപിഎം. സംഘടനാപ്രശ്നങ്ങളുള്ള കണ്ണൂരും ആലപ്പുഴയും  ഉള്‍പ്പടെ നാലിടത്ത് ജില്ലാ സെക്രട്ടറിമാരെ മാറ്റുന്നത് പാര്‍ട്ടിയുടെ ആലോചനയിലാണ്.  

വിപുലീകൃത സംസ്ഥാന കമ്മിറ്റി, സംസ്ഥാന നേതൃത്വത്തെ തിരുത്തിയപ്പോള്‍ അത് എം.വി ഗോവിന്ദന് നല്‍കിയ ശാസനയിലും പാര്‍ട്ടി കമ്മിറ്റികളെപ്പറ്റിയും  അഴിച്ചുപണിയിലും മാത്രം ഒതുങ്ങിയെന്ന വിമര്‍ശനം പാര്‍ട്ടി അണികള്‍ക്കിടയിലുണ്ട്. പിണറായിയെ കേന്ദ്രീകരിച്ചുള്ള പ്രചാരണം തിരിച്ചടിച്ചിട്ടും പിണറായിക്കെതിരെ നടപടിയുണ്ടാതിരുന്നതും പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ചയാവുന്നതുണ്ട്.  ഇതിനിടെയാണ് പിബിക്കും വീഴ്ചയുണ്ടായിട്ടുണ്ടെന്ന ബേബി സമ്മതിക്കുന്നത്.

പാര്‍ട്ടി വിട്ടുപോയവരെ തിരികെ എത്തിക്കുമെന്ന എം.എ ബേബിയുടെ പരാമര്‍ശം സംസ്ഥാന നേതൃത്വത്തിനുള്ള മുന്നറിയിപ്പാണ്. അതേസമയം  വര്‍ഗവഞ്ചകരെന്ന് വിളിച്ചവരെ തിരികെ എത്തിക്കാന്‍ സംസ്ഥാന നേതൃത്വം തയ്യാറാവില്ല. പാർട്ടിയിൽ ഇപ്പോൾ ഉണ്ടായിരിക്കുന്ന മാറ്റങ്ങൾക്ക് മറ്റു രാഷ്ട്രീയ വ്യാഖ്യാനങ്ങളുടെ ആവശ്യമില്ലെന്ന് ജോൺ ബ്രിട്ടാസും പറഞ്ഞു.

​താഴത്തട്ടില്‍ വിശാല കമ്മിറ്റികള്‍ ചേരുമ്പോള്‍ കാര്യമായ അഴിച്ചുപണിയാണ് ലക്ഷ്യമിടുന്നത്. 14 ജില്ലകളിലും യുവാക്കളെ ജില്ലാ സെക്രട്ടറിയേറ്റിലും ജില്ലാ കമ്മിറ്റികളിലും ഉള്‍പ്പെടുത്തും. സംഘടനാ പ്രശ്ങ്ങളുള്ള കണ്ണൂരും തിരുവനന്തരപുരത്തും ആലപ്പുഴയിലും ജില്ലാ സെക്രട്ടറിമാരെ മാറ്റുന്ന പാര്‍ട്ടിയുടെ ആലോചനയിലുണ്ട്. കൊല്ലത്തും ജില്ലാ സെക്രട്ടറി മാറിയേക്കും. താഴെത്തട്ടിലുള്ള വിപുലീകൃത യോഗങ്ങള്‍ നേതൃമാറ്റത്തിന് വേണ്ടിയല്ല മറിച്ച് പാര്‍ട്ടിയെ ശക്തിപ്പെടുത്താനാണെന്നും സെക്രട്ടറിയേറ്റിലേക്ക് പുതിയതായി എത്തിയ എം.ബി രാജേഷ് പറഞ്ഞു.

​സമ്മേളനങ്ങളില്‍  മാത്രമേ നേതൃത്വത്തില്‍  അഴിച്ചുപണി നടക്കൂ എന്ന പൊതുരീതിയാണ് കോഴിക്കോട് പിബി ഇടപെട്ട് തിരുത്തിയത്. ഇതിന്‍റെ പ്രതിഫലനമാവും ജില്ലകളിലും ഉണ്ടാവുക

 

ENGLISH SUMMARY: