ഇകെ വിഭാഗം സമസ്തയിലെ ഭിന്നത മുതലെടുക്കാൻ ശ്രമിച്ച് ഒടുവിൽ വെട്ടിലായത് സിപിഎം നേതൃത്വം. എപി -ഇകെ സമസ്തകൾ തമ്മിൽ കൂടുതൽ അടുത്തതോടെ പതിറ്റാണ്ടുകളായി കൂടെയുണ്ടായിരുന്ന കാന്തപുരം വിഭാഗവും സിപിഎമ്മുമായി മാനസികമായി അകലുകയാണ്.  നേരത്തെ ഇടതുപക്ഷത്തിന് ഒപ്പമുണ്ടായിരുന്ന എപി വിഭാഗവുമായി  മുസ്ലിം ലീഗ് നേതൃത്വം അടുക്കുന്നത് സിപിഎമ്മിനെ വിഷമത്തിലാക്കുന്നുണ്ട്.

ഇകെ വിഭാഗം സമസ്തയിലെ ഭിന്നത മുതലെടുത്ത് ഒരു വിഭാഗത്തെ ഒപ്പം നിർത്താൻ മുഖ്യമന്ത്രിയായിരുന്നപ്പോൾ പിണറായി വിജയന്‍റ് നേതൃത്വത്തിൽ പലകുറി ഓപ്പറേഷൻ നടത്തി. സിപിഎമ്മിന്‍റെ ആ നീക്കം വേണ്ടത്ര വിജയിച്ചില്ല. അതേസമയം സിപിഎമ്മിനൊപ്പം ആത്മാർഥമായി നിന്നവരേക്കാൾ പരിഗണന ഇകെ വിഭാഗത്തിൽ നിന്ന് ഭിന്നിച്ചു നിന്നവർക്ക് നൽകിയത് എപി വിഭാഗത്തെ മാറി ചിന്തിപ്പിച്ചു. 

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലും കാന്തപുരം വിഭാഗത്തിന്‍റെ നിലപാട് പ്രതിഫലിച്ചിട്ടുണ്ട്. കാന്തപുരത്തിന്‍റെ സ്ത്രീപരാമർശവുമായി ബന്ധപ്പെട്ട ചർച്ചകളിലും പിന്തുണച്ചത് മുസ്ലിം ലീഗാണ്. മലേഷ്യൻ പ്രധാനമന്ത്രി എത്തിയപ്പോൾ കാന്തപുരം വിഭാഗത്തിന്‍റെ ഏറ്റവും പ്രധാന സ്ഥാപനമായ കാരന്തൂർ മർക്കസിൽ മുസ്ലീം ലീഗ് അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ എത്തിയതും ഇഴയടുപ്പും കൂട്ടി. മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടിയും അപ്പോള്‍ ഒപ്പമുണ്ടായിരുന്നു. 

ENGLISH SUMMARY:

CPM's attempt to exploit Samastha factionalism has backfired, leading to a cooling of relations with the Kanapuram faction. As the AP and EK factions of Samastha grow closer, the CPM finds itself in a difficult political position in Kerala.