പരീക്ഷാ തട്ടിപ്പിലെ ചോദ്യം ചെയ്യലിന് ക്രൈംബ്രാഞ്ച് ആസ്ഥാനത്തേക്ക് വരില്ലെന്ന പിഎസ്സിയുടെ കത്ത് തള്ളി ക്രൈംബ്രാഞ്ച്. പിഎസ്സി അംഗങ്ങള്‍ക്ക് പ്രത്യേക പരിരക്ഷയില്ലെന്ന് ഐ.ജി അജിതാ ബീഗം മറുപടി കത്ത് നല്‍കി. ഹാജരാകണോയെന്നതില്‍ നിയമോപദേശം അനുസരിച്ച് പിഎസ്സി നാളെ തീരുമാനമെടുക്കും.
ചോദ്യം ചെയ്യലിന് ക്രൈംബ്രാഞ്ച് ആസ്ഥാനത്തേക്ക് വരില്ലെന്നാണ് പിഎസ്സി ചെയര്‍മാന്‍റെയും അംഗങ്ങളുടെയും നിലപാട്. പിഎസ്സിക്ക് പ്രത്യേക പരിരക്ഷയുള്ളതിനാല്പിഎസ്സി ആസ്ഥനത്ത് അംഗങ്ങളുടെ മുറിയിലെത്തി ചോദ്യം ചെയ്യാമെന്നും കാണിച്ച് എസ്ഐടിക്ക് കത്തും നല്‍കിയിരുന്നു. ആ കത്തും ആവശ്യവുമാണ് ക്രൈംബ്രാഞ്ച് തള്ളിയത്. പിഎസ്സി അംഗങ്ങള്‍ക്ക് പ്രത്യേക പരിരക്ഷയൊന്നുമില്ലെന്നും ചോദ്യം ചെയ്യലിന് പറഞ്ഞ സമയത്ത് ക്രൈംബ്രാഞ്ച് ആസ്ഥാനത്തേക്ക് തന്നെ വരണമെന്നും കാണിച്ച് എസ്ഐടിക്ക് നേതൃത്വം കൊടുക്കുന്ന കത്ത് നല്‍കി.
ക്രൈംബ്രാഞ്ച് വിട്ടുവീഴ്ചക്കില്ലെന്ന് വ്യക്തമാക്കിയതോടെ പിഎസ്സി തുടര്‍നടപടിക്ക് നിയമോപദേശത്തെ ആശ്രയിക്കുകയാണ്. പരിരക്ഷയുണ്ടോയെന്നും ചോദ്യം ചെയ്യലിന് പോകണോയെന്നുമാണ് ഹൈക്കോടതിയിലെ അഭിഭാഷകനോട് ഉപദേശം തേടിയിരിക്കുന്നത്. നിയമോപദേശത്തിന്‍റെ അടിസ്ഥാനത്തില്‍ നാളെ ചേരുന്ന പിഎസ്സി യോഗം തീരുമാനമെടുക്കും. ബുധനാഴ്ച മുതലാണ് ചോദ്യം ചെയ്യല്‍.