accident

TOPICS COVERED

നിർമ്മാണം പുരോഗമിക്കുന്ന ദേശീയപാതകളിൽ അപകടങ്ങൾ തുടർക്കഥയാകുന്നു. പാലക്കാട് വടക്കഞ്ചേരി- മണ്ണുത്തി ദേശീയപാത അതിർത്തിയിൽ ബസ് കാത്തുനിന്ന നാലു പേരെ കാർ ഇടിച്ചു തെറിപ്പിച്ചു. ഒരാൾ മരിച്ചു. മൂന്നു പേർക്ക് പരുക്കേറ്റു. കാർ ഡ്രൈവർ പിടിയിൽ. 

പാലക്കാട് തൃശൂർ അതിർത്തിയായ  വാണിയംപാറയിൽ രാവിലെ ആറുമണിയോടെയാണ് അപകടം നടന്നത്. ബസ് കാത്തുനിന്ന പൊട്ടിമട സ്വദേശി അബ്ദുൽ റസാക്കാണ് മരിച്ചത്. ഭാര്യ ഷക്കീലയ്ക്ക് ഗുരുതര പരുക്കേറ്റു. വാണിയംപാറ സ്വദേശികളായ പ്രദീപ്, മണികണ്ഠൻ എന്നിവർക്കും പരുക്കേറ്റു. തൃശൂരിലേക്ക്  പോവുകയായിരുന്ന കാർ നിയന്ത്രണം വിട്ട് ഇവർക്കുമേൽ ഇടിച്ചു കയറുകയായിരുന്നു. കാർ ഡ്രൈവറായ തൃശൂർ  സ്വദേശി അമൽ  പൊലീസ് പിടിയിലായി. 

അബ്ദുൽ റസാക്കും ഭാര്യയും തന്‍റെ കുടുംബവീടായ കോട്ടയത്തേക്ക് പോകാനായി ബസ് കാത്തുനിൽക്കുന്നതിനിടെയാണ് അപകടമുണ്ടായത്. അപകടം നടന്നയുടനെ  ഇരട്ടക്കുളം സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നിർമ്മാണ പുരോഗമിക്കുന്ന ദേശീയപാതയോട് ചേർന്നുള്ള സർവീസ് റോഡിന് വീതി വളരെ കുറവാണ്. ആയതിനാൽ  ഇതൊരു നിരന്തര അപകടമേഖലയാണെന്ന് നാട്ടുകാര്‍ പറയുന്നു. 

ENGLISH SUMMARY:

National Highway accidents are a recurring issue, with a recent car-pedestrian collision on the Vadakkenchery-Mannuthy highway in Palakkad resulting in one death and three injuries. This incident highlights ongoing safety concerns on under-construction national highways, particularly where service roads lack adequate width.