jinto-john

മലയാള മനോരമയ്‌ക്കെതിരെയും കഴിഞ്ഞദിവസം അന്തരിച്ച മലയാള മനോരമ സ്പെഷൽ കറസ്പോണ്ടന്‍റ് ജിജോ ജോൺ പുത്തേഴത്തിനും കുടുംബത്തിനും എതിരെയുള്ള സൈബർ ആക്രമണം ആസൂത്രിത ഗൂഢാലോചനയെന്ന് പൊലീസ് നിഗമനം. ഒരേ രീതിയിലുള്ള അധിക്ഷേപ പോസ്റ്റുകളും കമന്‍റുകളും ചിത്രങ്ങളും സംഘടിതമായി പ്രചരിപ്പിച്ചു. രണ്ടായിരത്തിലേറെ സമൂഹമാധ്യമ അക്കൗണ്ടുകൾ പൊലീസ് നിരീക്ഷണത്തിലാണ്. കോട്ടയം സൈബർ ക്രൈം പൊലീസ് നാലുപേർക്കെതിരെ ഇന്നലെ കേസെടുത്തിരുന്നു.  

ജിജോ ജോൺ പുത്തേഴത്തിന്‍റെ മരണവാർത്ത പുറത്തുവന്നതിന് പിന്നാലെ മണിക്കുറുകൾക്കുള്ളിലാണ് സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ ഒരേ രീതിയിലുള്ള അധിക്ഷേപ പോസ്റ്റുകളും കമന്‍റുകളും ചിത്രങ്ങളും വാർത്താ കട്ടിങ്ങുകളും പുറത്തുവന്നത്. ഇതിന് പിന്നിൽ കൃത്യമായ ഗൂഢാലോചന നടന്നിരിക്കാം. സിപിഎം അനുഭാവികളെന്നും ഇടതു സൈബർ പോരാളികളെന്നും അവകാശപ്പെടുന്നവരാണ് സംഘടിതമായി അധിക്ഷേപം നടത്തിയത്. വ്യാജ സമൂഹമാധ്യമ  അക്കൗണ്ടുകളിലൂടെ പതിവായി അധിക്ഷേപം നടത്തുന്നവരും ഉണ്ട്. രണ്ടായിരത്തിലേറെ സമൂഹമാധ്യമ അക്കൗണ്ടുകൾ നിരീക്ഷണത്തിലാണ്. മലയാള മനോരമയുടെ പരാതിയിൽ കോട്ടയം സൈബർ ക്രൈം പൊലീസ് കേസെടുത്തു. 

ജിജോയുടെ മരണത്തിനു പിന്നാലെ മലയാള മനോരമയുടെ കോട്ടയം ഓഫിസിലേക്ക് ഫോണിൽ വിളിച്ച് അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത ശേഷം അത് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തതിനും കേസെടുത്തിട്ടുണ്ട്. 

എസ്.വി വൈബ്‌സ് എന്ന ഫെയ്സ്ബുക്  പേജിന്‍റെ ഉടമ എസ്.വി.അരുൺലാൽ, ഫെയ്സ്ബുക് പ്രൊഫൈലുകളായ അഷറഫ് തരംഗ്, സന്തോഷ് കുമാർ, അസഭ്യം പറഞ്ഞ ഫോൺ നമ്പർ ഉടമ എന്നിവർക്കെതിരെയാണ് കേസ്. പരസ്യമായ അധിക്ഷേപ പ്രചാരണം, മനഃപൂർവമായ അപകീർത്തിപ്പെടുത്തൽ, തുടർച്ചയായി അസഭ്യ സന്ദേശങ്ങൾ അയയ്ക്കൽ എന്നിവയാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്.  സൈബർ ക്രൈം ഇൻസ്പെക്ടർ ബി.എസ് ആദർശിന്‍റെ നേതൃത്വത്തിലാണ്  അന്വേഷണം.  അന്വേഷണം ശക്തമാക്കിയെന്ന് കോട്ടയം ജില്ലാ പൊലീസ് മേധാവി കെ.എം.സാബു മാത്യു അറിയിച്ചു.

ENGLISH SUMMARY:

Malayala Manorama Online News reports on a police investigation into a planned conspiracy behind cyberattacks targeting Malayala Manorama and the family of the late Special Correspondent Jijo John Puthezhath. The investigation is focusing on over two thousand social media accounts involved in organized dissemination of defamatory posts, comments, and images.