thdc-kseb

വൈദ്യുതോൽപാദന പദ്ധതിയോട് യെസ് പറയാതെ കേരളം. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ടി.എച്ച്.ഡി.സി മുന്നോട്ടുവെച്ച 6,155 മെഗാവാട്ട് പമ്പ്ഡ് സ്റ്റോറേജ് പദ്ധതി നാലുവർഷമായി തുടർനടപടി കാത്തുകിടക്കുന്നു. വേനലിലും ജലക്ഷാമമില്ലാതെ വൈദ്യുതി ഉൽപാദിപ്പിക്കാൻ കഴിയുന്നതാണ് പദ്ധതി.

2022ലാണ് തെഹ്‌രി ഹൈഡ്രോ ഡവലപ്മെന്‍റ് കോർപറേഷൻ സംസ്ഥാന സർക്കാരിനെ സമീപിച്ചത്. 13 പമ്പ്ഡ് സ്റ്റോറേജ് പദ്ധതികൾ നിർമിക്കാൻ താൽപര്യം അറിയിച്ചു. 2029 ആകുമ്പോഴേക്കും കമ്മിഷൻ ചെയ്യാനായിരുന്നു നീക്കം. ഒരു മെഗാവാട്ടിന് 6 കോടി എന്ന പ്രകാരം 36,000 കോടിയിലേറെ രൂപയുടെ നിക്ഷേപം വാഗ്ദാനം ചെയ്തു. യൂണിറ്റിന് നാലര രൂപ ചെലവിൽ പദ്ധതിയിൽ നിന്ന് കേരളത്തിനു വൈദ്യുതി നൽകാൻ THDC തയ്യാറായിരുന്നു.  

ഉൽപാദിപ്പിക്കുന്ന ഓരോ യൂണിറ്റ് വൈദ്യുതിക്കും 5 പൈസ വീതം റോയൽറ്റി, ജിഎസ്ടി വിഹിതം ഉൾപ്പെടെ നികുതി വരുമാനം, പതിനായിരത്തിലേറെപ്പേർക്ക് ജോലി, ടൂറിസം സാധ്യതകൾ എന്നിവയെല്ലാം അധിക നേട്ടമാവുകയും ചെയ്യുമായിരുന്നു. 40 വർഷത്തിനു ശേഷം പദ്ധതി പൂർണമായും സംസ്ഥാനത്തിനു കൈമാറാനും വ്യവസ്ഥയുണ്ടായിരുന്നു. എന്നാൽ പദ്ധതി മുന്നോട്ടു പോയില്ല.  

കെഎസ്ഇബിയിലെയും സംസ്ഥാന സർക്കാരിലെയും ചിലരാണ് തടസ്സമായതെന്നും, കേരളത്തിൽ എത്തി 30 തവണ ചർച്ച നടത്തിയെന്നും ടിഎച്ച്ഡിസി മുൻ സ്പെഷൽ ഓഫിസറും മലയാളിയുമായ എ.കെ.വിജയകുമാർ പറഞ്ഞു. 25 മെഗാവാട്ടിനു മുകളിൽ ശേഷിയുള്ള 10 പമ്പ്ഡ് സ്റ്റോറേജ് പദ്ധതികളിൽ നിന്നായി 7425.6 മെഗാവാട്ട് വൈദ്യുതിയാണ് തമിഴ്നാട്, ആന്ധ്ര, ഉത്തരാഖണ്ഡ്, ഗുജറാത്ത്, ബംഗാൾ, തെലങ്കാന, മഹാരാഷ്ട്ര സംസ്ഥാനങ്ങൾ ഉൽപാദിപ്പിക്കുന്നത്.  

ENGLISH SUMMARY:

Kerala has not approved a proposed pumped storage power project that could generate 6,155 megawatts. This initiative by THDC India, offering significant investment and electricity at a low cost, has been stalled for four years, despite its potential to ensure uninterrupted power supply during summer.