മുതിർന്ന മാധ്യമ പ്രവർത്തകനും മലയാള മനോരമ കൊച്ചി യൂണിറ്റിലെ സ്പെഷൽ കറസ്പോണ്ടന്റുമായ ജിജോ ജോൺ പുത്തേഴത്ത് (54) അന്തരിച്ചു. ബുധനാഴ്ച രാവിലെ ഹൃദയാഘാതത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
ദേശീയ ശ്രദ്ധയാകർഷിച്ച 700 കോടി രൂപയുടെ നിക്ഷേപത്തട്ടിപ്പും സ്വർണ്ണക്കടത്ത് ഉൾപ്പെടെയുള്ള സുപ്രധാന സംഭവങ്ങളിൽ ശ്രദ്ധേയമായ അന്വേഷണാത്മക പരമ്പരകൾ തയാറാക്കിയ അദ്ദേഹം 2015-ലെ മികച്ച മാധ്യമപ്രവർത്തനത്തിനുള്ള രാംനാഥ് ഗോയങ്ക പുരസ്കാര ജേതാവാണ്.
കേരള പ്രസ് അക്കാദമിയിൽ നിന്ന് ജേർണലിസം പഠനം പൂർത്തിയാക്കിയ ശേഷമാണ് ജിജോ ജോൺ മാധ്യമരംഗത്തേക്ക് പ്രവേശിക്കുന്നത്. അന്വേഷണാത്മക പത്രപ്രവർത്തന രംഗത്തെ മികവിന് 2020-ൽ മലയാള മനോരമ ചീഫ് എഡിറ്റേഴ്സ് ഗോൾഡ് മെഡൽ ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.
ഇന്നത്തെ മലയാള മനോരമയുടെ പ്രധാന പേജിലും അദ്ദേഹത്തിന്റെ ബൈലൈൻ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ജിജോ ജോണിന്റെ അപ്രതീക്ഷിത വിയോഗ വാർത്തയറിഞ്ഞ് മാധ്യമ, രാഷ്ട്രീയ, രംഗങ്ങളിലെ പ്രമുഖർ കൊച്ചിയിലെ ആശുപത്രിയിലെത്തി അനുശോചനം രേഖപ്പെടുത്തി. പറവൂർ ഗോതുരുത്ത് പുത്തേഴത്ത് കുടുംബാംഗമാണ്. രമ്യ ജോസഫാണ് ഭാര്യ. അനന്യ ജിജോ, ജൊഹാൻ ജോസഫ് ജോൺ എന്നിവര്‍ മക്കളാണ്. സംസ്കാരം പിന്നീട്.