രാപകല്‍ വ്യത്യാസമില്ലാതെ ജനങ്ങള്‍ ചൂടില്‍ വെന്തുരുകുമ്പോഴും യാതൊരു വേവലാതിയുമില്ലാതെ കെ.എസ്.ഇ.ബി. ആഗോള പ്രതിഭാസം കാരണമുള്ള വൈദ്യുതി ക്ഷാമമെന്ന് മന്ത്രി ലളിതമായി പറഞ്ഞാലും സംസ്ഥാനത്ത് അനുഭവപ്പെടുന്നത് ഗുരുതര വൈദ്യുതി പ്രതിസന്ധിയാണ്. നേരിയ നിയന്ത്രണമെന്ന് കെ.എസ്.ഇ.ബിയുടെ മുന്നറിയിപ്പുണ്ടെങ്കിലും ഇന്നലെ മാത്രം രാത്രിയില്‍ അഞ്ചിലേറെ തവണയാണ് പലയിടത്തും വൈദ്യുതി മുടങ്ങിയത്.
രാത്രിയില്‍ കരുതിയിരിക്കണം. വൈദ്യുതി നിയന്ത്രണമുണ്ടാവും. ആയിരം മെഗാവാട്ടിന്‍റെ കുറവുണ്ട്. ഓരോ ദിവസവും വൈകുന്നേരം കെ.എസ്.ഇ.ബിയുടെ വക മുന്നറിയിപ്പ്. ഉത്തരവാദിത്തം കഴിഞ്ഞു. ഈ പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ എന്ത് മാനേജ്മെന്‍റ് എന്ന് ചോദിച്ചാല്‍ സര്‍ക്കാരിന്‍റെ കൈയില്‍ മാന്ത്രിക വടിയൊന്നുമില്ലെന്ന് തമാശ രൂപേണ പറഞ്ഞ് വൈദ്യുതി മന്ത്രി ഒഴിയും.
കുറഞ്ഞ നിരക്കില്‍ ലഭിച്ചിരുന്ന ദീര്‍ഘകാല വൈദ്യുതി കരാര്‍ റദ്ദാക്കിയ മുന്‍ എല്‍.ഡി.എഫ് സര്‍ക്കാരിനെ പഴിചാരി വേണ്ടിവന്നാല്‍ മഴ പെയ്യാനും ചൂട് കുറയാനും പ്രാര്‍ഥിക്കുന്നതിനൊപ്പം ലൈറ്റും എ.സിയും കുറച്ച് ഉപയോഗിച്ചോളൂ എന്നും ഉപദേശിക്കും. പറഞ്ഞതുകൊണ്ട് പ്രതിസന്ധി തീരുന്നില്ലെന്ന് മന്ത്രിക്കയറിമായെങ്കിലും യാതൊരു ഇടപെടലിനും കഴിയുന്നില്ലെന്നതാണ് യാഥാര്‍ഥ്യം.
ഇന്നലെ വൈകുന്നേരം ആറിനും പന്ത്രണ്ടിനുമിടയില്‍ നേരിയ നിയന്ത്രണമെന്നായിരുന്നു കെ.എസ്.ഇ.ബിയുടെ മുന്നറിയിപ്പ്. ആറ് മണി കഴിഞ്ഞതിന് പിന്നാലെ പലതവണ അര മണിക്കൂറിലേറെ വൈദ്യുതി മുടങ്ങി. രാത്രിയില്‍ മനുഷ്യര്‍ ഉറങ്ങിയെന്ന് മനസിലാക്കിയതിന് പിന്നാലെ വീണ്ടും രഹസ്യമായി കട്ട് ചെയ്ത് കെ.എസ്.ഇ.ബി ഉത്തരവാദിത്തം നിറവേറ്റി. അഞ്ചിലേറെ തവണ ഏറിയും കുറഞ്ഞും വൈദ്യുതി മുടങ്ങുന്ന സാഹചര്യമുണ്ടായി. പ്രതിസന്ധി എന്ന് തീരുമെന്ന് ചോദിച്ചാല്‍ മുകളിലേക്ക് കൈയുയര്‍ത്തും വൈദ്യുതി മന്ത്രിയും കെ.എസ്.ഇ.ബിയും.