പ്രളയ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തിരുന്ന വാഹനത്തിന് ഹൈക്കോടതി നിർദേശ പ്രകാരം ചുമത്തിയ 50,000 രൂപ പിഴത്തുക ഹൈക്കോടതി അഭിഭാഷകരുടെ കൂട്ടായ്മ നൽകി. പ്രളയ സമയത്ത് ആറന്മുള ക്ഷേത്രത്തിൽ കുടുങ്ങിയ അഭിഭാഷകളുടെ കുടുംബാംഗങ്ങളെ ഉൾപ്പെടെ ഈ ഓഫ് റോഡ് വാഹനത്തിലാണ് രക്ഷപ്പെടുത്തിയതെന്ന് അബിൻ വർക്കി എം.എൽ.എ പറഞ്ഞു. അനധികൃത ലൈറ്റുകൾക്ക് അടക്കം എംവിഡി ചുമത്തിയ 5000 രൂപ വിവാദമായിരുന്നു. ഇതിലാണ് ഹൈക്കോടതി ഇടപെട്ട് അമ്പതിനായിരം ആക്കിയത്. ഈ തുകയാണ് ഹൈക്കോടതി അഭിഭാഷകരുടെ കൂട്ടായ്മ നൽകിയത്. ജീപ്പിന്‍റെ ഉടമയായ അമൽ ഉൾപ്പെടെയുള്ളവർ നടത്തിയ പ്രളയ രക്ഷാപ്രവർത്തനത്തിന് അനുമോദനമായിട്ട് തുക നല്‍കാന്‍ അഭിഭാഷകരുടെ കൂട്ടായ്മ സന്നദ്ധത അറിയിച്ച വിവരം അബിന്‍ കഴിഞ്ഞ ദിവസം ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചിരുന്നു.
അതേസമയം, അടൂരിലെ എം.വി.ഡിയുടെ പരിശോധന ഔചിത്യപരമായിരുന്നില്ലെന്നും അബിൻ വർക്കി വിമർശിച്ചു. പ്രളയത്തിൽ മുങ്ങാതെ കിടന്ന ഒരു ടൗണിൽ കാർക്കശ്യത്തോടെ പരിശോധന നടത്തിയത് എന്തിനായിരുന്നുവെന്നും, പ്രളയ രക്ഷാപ്രവർത്തനത്തിന് പോകാൻ ആരെങ്കിലും പറഞ്ഞോ എന്ന എം.വി.ഡി ഉദ്യോഗസ്ഥന്റെ ചോദ്യത്തിൽ ദുരുദ്ദേശ്യമുണ്ടെന്നും അബിൻ വർക്കി ആരോപിച്ചു.
ആറന്‍മുളയിലെ പ്രളയ രക്ഷാപ്രവർത്തനം കഴിഞ്ഞ് വാഹന ഉടമയും ഭാര്യയും അടൂരിൽ എത്തിയപ്പോഴാണ് പിഴയിട്ടത്. രൂപമാറ്റത്തിന്റെ പേരിൽ 5,250 രൂപ പിഴ ആദ്യം ഈടാക്കുകയായിരുന്നു. എന്നാൽ, വാഹനത്തിന് എം.വി.ഡി ചുമത്തിയ ആദ്യ പിഴ കുറഞ്ഞുപോയെന്ന് ചൂണ്ടിക്കാട്ടി പിഴത്തുക 50,000 രൂപയായി ഉയർത്താൻ ഉത്തരവിടുകയായിരുന്നു. പിഴ ഇട്ട ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തെങ്കിലും പിന്നീട് പ്രതിഷേധത്തെ തുടർന്ന് സ്ഥലം മാറ്റമായി നടപടി ലഘൂകരിച്ചു.
ജീപ്പിന് അര ലക്ഷം രൂപ പിഴ ചുമത്തിയ ഹൈക്കോടതി വിധിയിൽ വിമർശനവുമായി മുന്‍പും അബിൻ വർക്കി എത്തിയിരുന്നു. പ്രളയകാലത്ത് ആറന്മുളയിൽ കുടുങ്ങിയ ഹൈക്കോടതിയിലെ ഉന്നത ഉദ്യോഗസ്ഥരെയും അവരുടെ ബന്ധുക്കളെയും രക്ഷപ്പെടുത്തിയപ്പോൾ ലൈറ്റുകളുടെ എണ്ണമോ നിയമത്തിന്റെ നൂലാമാലകളോ അല്ല നോക്കിയത് എന്നാണ് അബിൻ വർക്കി ഫെയ്സ്ബുക്കിൽ കുറിച്ചത്. മോട്ടോർ വാഹന വകുപ്പ് ആദ്യം ചുമത്തിയ 5,000 രൂപ പിഴ യൂത്ത് കോൺഗ്രസ് അടച്ച് വാഹനത്തിലെ അനധികൃത ലൈറ്റുകൾ നീക്കം ചെയ്തിരുന്നു. ഇതിന്റെ ചിത്രങ്ങൾ എംവിഡിക്ക് അയച്ചു നൽകുകയും ചെയ്തതാണ്. എന്നാൽ അതിനുശേഷവും വീണ്ടും ഉയർന്ന തുക പിഴ ചുമത്തിയത് ശരിയായ രീതിയല്ലെന്നും അബിൻ വർക്കി പറയുകയുണ്ടായി.
ബഹുമാനപ്പെട്ട ഹൈക്കോടതി വിധിയെ പൂർണ്ണമായും മാനിക്കുന്നു. അതോടൊപ്പം തന്നെ പ്രളയ രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയ ആറന്മുളക്കാരനെ സംരക്ഷിക്കുക എന്നുള്ളത് തന്‍റെ ഉത്തരവാദിത്തമാണ് എന്നാണ് അബിന്‍ വര്‍ക്കിയുടെ നിലപാട്. പ്രളയദുരന്തമുഖത്ത് ഇത്തരം പരിശോധന നടത്തിയത് ശരിയല്ലെന്നും, അതേസമയം കോടതി വിധിയെ മാനിക്കുന്നുവെന്നും അബിന്‍ വിമര്‍ശിച്ചിരുന്നു. വാഹന ഉടമകളായ അമലിനും ആർദ്രയ്ക്കുമൊപ്പം എല്ലാവിധ പിന്തുണയുമായി ഉണ്ടാകുമെന്നും അബിൻ വർക്കി വ്യക്തമാക്കി.