കാലവര്‍ഷം ചതിച്ചു, വയനാട്ടിലും ഇടുക്കിയിലും വരള്‍ച്ചയ്ക്ക് സമാന സാഹചര്യം. സംസ്ഥാനത്താകമാനം മണ്‍സൂണ്‍ മഴയില്‍ 23 ശതമാനത്തിന്‍റെ കുറവ് രേഖപ്പെടുത്തി. എട്ടു ജില്ലകളില്‍ മഴ കാര്യമായി കുറഞ്ഞപ്പോള്‍ ആറു ജില്ലകളില്‍ സാധാരണ തോതില്‍ മഴ ലഭിച്ചു. സെപ്റ്റംബറിലും മഴ കുറയാനിടയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം.
മലയോര ജില്ലകളായ വയനാട്ടിലും ഇടുക്കിയിലുമാണ് മഴ ഏറ്റവും കുറഞ്ഞത്. ജൂണ്‍ ഒന്നു മുതലുള്ള കണക്കുകളനുസരിച്ച് വയനാട്ടില്‍ 51 ശതമാനം മഴ കുറഞ്ഞു. ഇടുക്കിയില്‍ 45 ശതമാനമാണ് മഴയുടെ കുറവ്. കൊല്ലം 31, ആലപ്പുഴ 26, എറണാകുളം 20, തൃശൂര്‍ 23, പാലക്കാട് 24, മലപ്പുറം 20 ശതമാനം വീതമാണ് കാലവര്‍ഷം കുറഞ്ഞത്. സംസ്ഥാനത്താകമാനം കഴിഞ്ഞ മൂന്നുമാസം 23 ശതമാനം മഴയുടെ കുറവുണ്ടായി.
തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളിലെല്ലാം മഴ കുറവാണെങ്കിലും 15 ശതമാനത്തില്‍താഴെ മാത്രമെ കുറവു വന്നിട്ടുള്ളൂ. അത് സാധാരണതോതിലുള്ള മഴയായാണ് കാലാവസ്ഥാ വകുപ്പ് കണക്കാക്കുന്നത്. പസഫിക്ക് സമുദ്രത്തിന്‍റെ ചൂട് വര്‍ധിക്കുന്ന എല്‍ നിനോ കൂടുതല്‍ ശക്തികൈവരിക്കുന്നതിനാല്‍ സെപ്റ്റംബറിലും മഴ കുറയാനാണ് സാധ്യത. സെപ്റ്റംബര്‍പകുതിയോടെ സംസ്ഥാനത്ത് ചിലസ്ഥലങ്ങളില്‍ സാമാന്യം ശക്തമായ മഴ ലഭിച്ചേക്കും. ഇപ്പോള്‍ തന്നെ ഇടുക്കിയിലും വയനാട്ടിലും വരള്‍ച്ചക്ക് സമാനമായ സാഹചര്യമാണ് നിലനില്‍ക്കുന്നത്. വൈദ്യുതി പ്രതിസന്ധി രൂക്ഷമാകാനും ഇടയുണ്ട്.