സമൂഹമാധ്യമങ്ങള്‍ വഴിയുള്ള തൊഴില്‍ത്തട്ടിപ്പുകള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണമെന്ന് കൊച്ചി പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്റ്സ്. വിദേശ റിക്രൂട്ട്‌മെന്റിന് പണം നല്‍കുംമുന്‍പ് ഏജന്‍സികളുടെ വിശ്വാസ്യത ഉറപ്പാക്കണമെന്ന് പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്റ്സ് പ്രശോഭ് രവി മനോരമ ന്യൂസിനോട് പറഞ്ഞു.
ഇന്‍സ്റ്റഗ്രാമില്‍ നല്‍കുന്ന പരസ്യങ്ങള്‍ വഴി തട്ടിപ്പുകള്‍ വ്യാപകമാകുന്ന പശ്ചാത്തലത്തിലാണ് കൊച്ചി പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്റ്‌സിന്റെ മുന്നറിയിപ്പ്. അംഗീകൃത ഏജന്‍സിയാണോ എന്നറിയാന്‍ കേന്ദ്രവിദേശകാര്യമന്ത്രാലയത്തിന്റെ ഇ മൈഗ്രേറ്റ് പോര്‍ട്ടല്‍ പരിശോധിക്കണം. ഉദ്യോഗാര്‍ഥികള്‍ പണം കൈമാറുന്നതിനുമുന്‍പു തന്നെ പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്റ്സ് ഓഫിസുമായി ബന്ധപ്പെടണം.
നേരിട്ടും ഫോണ്‍ വഴിയും വിവരങ്ങള്‍ ലഭ്യമാണ്. എറണാകുളം മുതല്‍ കാസര്‍കോട് വരെ ജില്ലകളില്‍നിന്നുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് കൊച്ചി ഓഫിസിനെ സമീപിക്കാം. വിദേശത്ത് കുടുങ്ങിയവര്‍ MADAD വെബ്‌സൈറ്റ് സേവനം പ്രയോജനപ്പെടുത്തണമെന്നും നിര്‍ദേശമുണ്ട്.