പെരുമ്പാവൂരിലെ 18 കോടിയുടെ ഹൈബ്രിഡ് കഞ്ചാവ് വേട്ടയിൽ അന്വേഷണം ആരംഭിച്ച് എൻഫോഴ്സ്മെന്‍റ് ഡയക്ട്രേറ്റും. ഇതിന്‍റെ ഭാഗമായി കോഴിക്കോട്, പാലക്കാട് ജില്ലകളിലെ നാലിടങ്ങളിൽ ഇ.ഡി റെയ്ഡ് തുടരുകയാണ്. പൊലീസ് കേസിന്റെ തുടർച്ചയായിട്ടാണ് ഇ.ഡി ഇസിഐആര്‍ റജിസ്റ്റർ ചെയ്തത് തുടർ നടപടിയിലേക്ക് കടന്നത്.
18 കോടിയുടെ ഹൈബ്രിഡ് കഞ്ചാവ് കടത്തുമായി ബന്ധപ്പെട്ടുള്ള കള്ളപ്പണ ഇടപാടിലാണ് ഇഡി നടപടി ആരംഭിച്ചത്. കോഴിക്കോട് ബാലുശേരി ഉണ്ണികുളത്ത് ജെയ്സലിന്റെ വീട്ടിലും, എരഞ്ഞിപ്പാലത്തെ ജഗദിന്‍റെ വീട്ടിലുമാണ് പരിശോധന. ജഗദിനെ കേസിൽ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പാലക്കാട് ജില്ലയിലും രണ്ടിടങ്ങളിൽ ഇഡി പരിശോധന നടത്തി. പെരുമ്പാവൂരിലെ ഹൈബ്രിഡ് കഞ്ചാവ് കേസിൽ രാജ്യാന്തര ലഹരിമരുന്ന് ശൃംഖലയിലെ പത്ത് പേരാണ് പിടിയിലായത്.
ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ ബൈക്കിൽ കടത്തുകയായിരുന്ന 1.16 കിലോഗ്രാം ഹൈബ്രീഡ് കഞ്ചാവുമായി ഞാറയ്ക്കൽ ആയുഷിനെയാണ് ആദ്യം പിടികൂടിയത്. തുടർന്ന് കുന്നുവഴിയിലെ ഫ്ലാറ്റിൽ നടത്തിയ പരിശോധനയിൽ 16 കിലോ ഹൈബ്രിഡ് കഞ്ചാവ് കണ്ടെത്തി. ഇവിടെ വച്ച് ഇയാളുടെ ഭാര്യ അനികയെയും അറസ്റ്റ് ചെയ്തു. വിശദമായ അന്വേഷണത്തിലാണ് ലഹരി സംഘത്തിന്‍റെ പ്രധാനിയായ അബു താഹിർ അടക്കമുള്ളവർ പിടിയിലാകുന്നത്. തായ്‌ലൻഡിലേക്ക് വീസയും ടിക്കറ്റും പ്രതിഫലവും നൽകി അയക്കുന്ന ഏജന്റുമാരാണ് ഹൈബ്രിഡ് കഞ്ചാവ് കൊണ്ടുവരുന്നത്. ഇത് എയർപോർട്ടിന് പുറത്ത് വച്ച് സംഘം വാങ്ങും. തുടർന്ന് വിൽപന നടത്തുന്നതായിരുന്നു രീതി. സംഘത്തിലെ പ്രധാനി ഇപ്പോഴും തായ്‌ലൻഡിലാണ്. ഇയാൾക്ക് വേണ്ടിയുള്ള അന്വേഷണം എറണാകുളം റൂറൽ പൊലീസ് തുടരുന്നതിനിടയിലാണ് ഇഡിയും ചിത്രത്തിലേക്ക് വരുന്നത്.