pinarayi

പൊലീസും എസ്എഫ്ഐയും തമ്മിലുള്ള തര്‍ക്കം ഏറ്റെടുത്ത് സിപിഎം. പൊലീസിനെ ഉപയോഗിച്ച് സര്‍ക്കാര്‍ ഗുണ്ടാരാജ് നടപ്പാക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ ആരോപിച്ചു. വി.ശിവന്‍കുട്ടിയുടെ നേതൃത്വത്തില്‍ സിപിഎം നേതാക്കള്‍ പൊലീസ് സ്റ്റേഷനിലെത്തി എതിര്‍പ്പ് അറിയിച്ചു. സമരത്തില്‍ പങ്കെടുക്കാത്ത വിദ്യാര്‍ഥിനിയെ പോലും പ്രതിയാക്കിയെന്നും ആരോപണം. എന്നാല്‍ കുറ്റക്കാരെന്ന് കാണുന്ന നേതാക്കളടക്കം മുഴുവന്‍ പേരെയും അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് അറിയിച്ചു. 

രണ്ട് ദിവസമായി തുടരുന്ന എസ്എഫ്ഐയുടെ മാര്‍ച്ചും അതിനെതിരായ പൊലീസ് നടപടിയും രാഷ്ട്രീയ ഏറ്റുമുട്ടലിലേക്ക് മാറുകയാണ്. സമരം ചെയ്യുന്ന വിദ്യാര്‍ഥി നേതാക്കളെ പൊലീസ് അടിച്ചമര്‍ത്തുകയും കള്ളക്കേസില്‍ കുടുക്കുകയും ചെയ്യുന്നൂവെന്നാണ് സിപിഎം ഉയര്‍ത്തുന്ന ആരോപണം. ഇന്നലത്തെ പൊലീസ് നടപടിയില്‍ മര്‍ദനമേറ്റെന്ന് ആരോപിച്ച് ആശുപത്രിയില്‍ കഴിയുന്ന എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എസ് സഞ്ജീവിനെ സന്ദര്‍ശിച്ച് പ്രതിപക്ഷനേതാവ് തന്നെ രാഷ്ട്രീയ പോരാട്ടം ഏറ്റെടുത്തു.

ഇന്നലത്തെ മാര്‍ച്ചിനെതിരെ മൂന്ന് കേസുകളാണ് പൊലീസെടുത്തത്. സംസ്ഥാന നേതാക്കളെയടക്കം പ്രതിയാക്കിയെടുത്ത വധശ്രമക്കേസിന്‍റെ എഫ്ഐആറിനെ ചൊല്ലിയും തര്‍ക്കമുണ്ട്. കഴിഞ്ഞ ദിവസത്തെ കേരള സര്‍വകലാശാല മാര്‍ച്ചില്‍ മര്‍ദനമേറ്റ  വൈഷ്ണവി ഇന്നലെ സമരത്തിനുണ്ടായിരുന്നില്ല. എന്നിട്ടും പ്രതിയാക്കിയെന്നാണ് ആരോപണം.

എന്നാല്‍ ഇത് മര്‍ദനമേറ്റ വൈഷ്ണവി അല്ലെന്നും മറ്റൊരു വിദ്യാര്‍ഥിനിയാണെന്നുമാണ് പൊലീസ് വാദം. അങ്ങിനെ വേറൊരു വൈഷ്ണവി എസ്എഫ്ഐയിലില്ലെന്നാണ് അവരുടെ മറുപടി. അതിനിടെ പ്രതിഷേധം അറിയിക്കാന്‍ വി. ശിവന്‍കുട്ടിയും വി. ജോയിയും കന്‍റോണ്‍മെന്‍റ് പൊലീസ് സ്റ്റേഷനില്‍ നേരിട്ടെത്തി. കള്ളക്കേസെടുക്കുന്നുവെന്നും ഇന്നലെ അറസ്റ്റ് ചെയ്ത എസ്എഫ്ഐ നേതാവിനെ ലോക്കപ്പിലടിച്ചതിലുമായിരുന്നു പ്രതിഷേധം. അതേസമയം വീഡിയോ ദൃശ്യങ്ങളടക്കം പരിശോധിച്ച് നേതാക്കളടക്കം മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്യാനാണ് പൊലീസ് തീരുമാനം.

ENGLISH SUMMARY:

CPM has taken over the dispute between the police and SFI, with Leader of the Opposition Pinarayi Vijayan alleging that the government is implementing a reign of terror using the police. CPM leaders, led by V. Sivankutty, have approached police stations to express their opposition, claiming even a student who did not participate in the protest has been implicated.