വന്‍വിവാദമായ നെയ്യാറ്റിന്‍കര ഗോപന്‍റെ മരണം കൊലപാതകവുമല്ല, സമാധിയുമല്ലെന്ന് പൊലീസ്. ഹൃദയാഘാതം മൂലമുള്ള മരണമെന്ന് സ്ഥിരീകരിച്ച് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി അന്വേഷണം അവസാനിപ്പിച്ചു. മരിച്ച ശേഷമാണ് ഗോപന്‍റെ മൃതദേഹമെടുത്ത് മക്കള്‍ സമാധിയിരുത്തിയതെന്നും അന്തിമ റിപ്പോര്‍ട്ടില്‍ പറയുന്നു.
‘ഗോപന്‍ സ്വാമി’യെന്ന് അറിയപ്പെട്ടിരുന്ന നെയ്യാറ്റിന്‍കര ആറാലുംമൂട് സ്വദേശി മണിയനെ ഭാര്യയും മക്കളും ചേര്‍ന്ന് വീട്ടുമുറ്റത്ത് കോണ്‍ക്രീറ്റ് അറയുണ്ടാക്കിയാണ് സമാധിയിരുത്തിയത്. മരണവിവരം ആരെയും അറിയിക്കാതിരുന്ന കുടുംബം അച്ഛന്‍ സമാധിയായതാണെന്ന് അവകാശപ്പെടുകയായിരുന്നു. കൊലപാതകമെന്ന് ഉള്‍പ്പടെ ദുരൂഹതയേറിയതോടെ കോണ്‍ക്രീറ്റ് പൊളിച്ച് മൃതദേഹമെടുക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. തടയാന്‍ കുടുംബത്തിന്‍റെ വലിയ പ്രതിഷേധവുമുണ്ടായി. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം വീണ്ടും അവിടെ തന്നെ ‘സമാധിയിരുത്തി’.
വിവാദം അവസാനിച്ചെങ്കിലും മരണം കൊലപാതകമാണോയെന്ന സംശയം നിലനില്‍ക്കുന്നുണ്ടായിരുന്നു. ആന്തരികാവയവങ്ങളുടെ രാസപരിശോധനാഫലം മാസങ്ങള്‍ക്ക് ശേഷം ലഭിച്ചതോടെയാണ് ദുരൂഹതകളെല്ലാം നീക്കി പൊലീസ് കേസ് അവസാനിപ്പിച്ചത്. ഗോപന്‍റെ മൂക്ക്, തല, മുഖം, നെറ്റി എന്നിവിടങ്ങളില്‍ ചതവുകളുണ്ടെങ്കിലും അതൊന്നും മരണകാരണമല്ല. ഹൃദയധമനികള്‍ ബ്ലോക്കായിരുന്നു. ലിവര്‍ സിറോസിസുമുണ്ട്. അതിനാല്‍ ഹൃദയാഘാതമെന്നാണ് മരണകാരണം രേഖപ്പെടുത്തുന്നത്.
ഇതോടെ കൊലപാതക സാധ്യത പൊലീസ് പൂര്‍ണമായും തള്ളുകയും ചെയ്തു. മക്കള്‍ അവകാശപ്പെടുന്നത് പോലെ നടന്ന് പോയ ശേഷം ഇരുന്ന് മരിച്ച് സമാധിയായതാകാനുള്ള സാധ്യതയും തള്ളിക്കൊണ്ടാണ് പൊലീസ് റിപ്പോര്‍ട്ട്. സമാധിയല്ലെന്ന് വ്യക്തമായിട്ടും അങ്ങിനെ അവകാശപ്പെട്ട് ക്ഷേത്രമുണ്ടാക്കാനുള്ള ശ്രമത്തിലാണ് കുടുംബം. മൃതദേഹം സംസ്കരിച്ച സ്ഥലത്ത് ഇപ്പോഴും മകന്‍റെ നേതൃത്വത്തില്‍ പൂജകള്‍ നടക്കുന്നുണ്ട്.