ട്രാൻസ് വുമൺ ദീപ്തി കല്യാണിക്കെതിരെ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപ പരാമർശം നടത്തിയ സംഭവത്തിൽ ഇൻഫ്ലുവൻസർ 'ഹെലൻ ഓഫ് സ്പാർട്ട' എന്ന ധന്യ ഹർഷിദിനെതിരെ തൃശൂർ സൈബർ പോലീസ് കേസെടുത്തു. രണ്ട് വർഷം വരെ തടവ് ലഭിക്കാവുന്ന ആറ് വ്യത്യസ്ത വകുപ്പുകൾ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്. ബി.എൻ.എസ് (BNS), ഐ.ടി ആക്ട് (IT Act), കേരള പോലീസ് ആക്ട്, ട്രാൻസ്ജെൻഡർ പ്രൊട്ടക്ഷൻ ആക്ട് എന്നിവ പ്രകാരമാണ് നടപടി.
തൃശ്ശൂർ സിറ്റി പോലീസ് കമ്മീഷണർക്ക് ദീപ്തി കല്യാണി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തത്. ദീപ്തിയേയും സുഹൃത്തിനേയും അധിക്ഷേപിച്ചും, അവർ പുതുതലമുറയെ വഴിതെറ്റിക്കുകയാണെന്നും ആരോപിച്ചും കഴിഞ്ഞ ദിവസമാണ് ധന്യ വിഡിയോ പങ്കുവെച്ചത്. അധിക്ഷേപത്തിന് പുറമേ അസഭ്യവര്‍ഷമാണ് ധന്യ ഈ വിഡിയോയില്‍ നടത്തിയത്.
തന്‍റെ വ്യക്തിജീവിതത്തെയും കുടുംബത്തെയും കുറിച്ച് അനാവശ്യവും അതിരൂക്ഷവുമായ പരാമർശങ്ങൾ വിഡിയോയിലൂടെ ഉന്നയിച്ചതായി ദീപ്തിയുടെ പരാതിയിൽ വ്യക്തമാക്കുന്നു. നേരത്തെ കഴിഞ്ഞ ജൂലൈയിൽ കാസർകോട് ദേശീയപാതയിൽ മദ്യപിച്ച് അമിതവേഗതയിൽ വാഹനമോടിച്ചതിന് കുമ്പള പൊലീസ് ധന്യക്കെതിരെ കേസെടുക്കുകയും തുടർന്ന് മോട്ടോർ വാഹനവകുപ്പ് ഇവരുടെ ഡ്രൈവിങ് ലൈസൻസ് സസ്പെൻഡ് ചെയ്യുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ധന്യ വീണ്ടും പുതിയ നിയമനടപടി നേരിടുന്നത്.