messi-kerala-visit

ലയണല്‍ മെസിയേയും സംഘത്തേയും എത്തിക്കുന്നതിന്‍റെ മറവിലെ തട്ടിപ്പില്‍ അന്വേഷണ പ്രഖ്യാപനം ഓണത്തിനുശേഷം. തട്ടിപ്പ് സ്ഥിരീകരിക്കുന്ന രണ്ട് അന്വേഷണ റിപ്പോര്‍ട്ടുകളും മുഖ്യമന്ത്രിയുടെ പരിഗണനയിലാണ്. സ്പോണ്‍സര്‍ നടത്തിയ പണപ്പിരിവിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ജി.എസ്.ടി സംഘവും ശേഖരിച്ചുതുടങ്ങി

മെസിയേയും അര്‍ജന്‍റീന ടീമിനെയും കേരളത്തിലെത്തിക്കുമെന്ന പേരില്‍ നടന്നത് വന്‍ തട്ടിപ്പാണെന്ന് പ്രാഥമിക അന്വേഷണത്തില്‍ ഏകദേശം ഉറപ്പിച്ചു. അര്‍ജന്‍റീന ഫുട്ബോള്‍ അസോസിയേഷന് കൊടുക്കാനെന്ന പേരില്‍ സ്പോണ്‍സര്‍ 200 കോടിയിലേറെ രൂപ പിരിച്ചു. ഫുട്ബോള്‍ ടീം വരുമെന്ന് ഉറപ്പൊന്നും ലഭിക്കാഞ്ഞിട്ടും സാമ്പത്തിക ഇടപാടുകളുമായി മുന്നോട്ട് പോയത് ഇത്തരത്തിലുള്ള പണപ്പിരിവ് ലക്ഷ്യമിട്ടാണെന്നും സംശയമുണ്ട്. അതുകൊണ്ട് സമഗ്ര അന്വേഷണം വേണമെന്ന തീരുമാനത്തിലാണ് സര്‍ക്കാര്‍. 

കായികവകുപ്പ് സെക്രട്ടറിയുടെ അന്വേഷണ റിപ്പോര്‍ട്ടും ജി.എസ്.ടി സംഘത്തിന്‍റെ പ്രാഥമിക റിപ്പോര്‍ട്ടും മുഖ്യമന്ത്രിയുടെ പരിഗണനയിലാണ്. ഈ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ സ്വീകരിക്കാവുന്ന നടപടികളെക്കുറിച്ച് മുഖ്യമന്ത്രിയുടെ ഓഫീസ് അനൗദ്യോഗിക നിയമോപദേശങ്ങളും തേടിയിട്ടുണ്ട്. എന്നാലും ഓണം അവധി ദിവസങ്ങള്‍ കഴിഞ്ഞ്, ഉന്നത ഉദ്യോഗസ്ഥരുമായി ആലോചിച്ച ശേഷമാവും അന്വേഷണ പ്രഖ്യാപനം ഉണ്ടാവുക. 

കേസെടുത്ത് അന്വേഷിക്കുന്ന തരത്തില്‍ എസ്.ഐ.ടി രൂപീകരിക്കാനാണ് ആലോചന. അതിന് മുന്‍പ് തന്നെ സാമ്പത്തിക ഇടപാടിന്‍റെ കൂടുതല്‍ വിവരങ്ങള്‍ കണ്ടെത്താന്‍ ജി.എസ്.ടി സംഘത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. സ്പോണ്‍സര്‍ക്ക് പണം നല്‍കിയ കമ്പനികളില്‍ നിന്ന് വിവരം തേടാനാണ് ജി.എസ്.ടി സംഘത്തിന്‍റെ തീരുമാനം.

ENGLISH SUMMARY:

Lionel Messi's Kerala visit was a massive scam involving over 200 crore rupees allegedly collected in the name of the Argentina Football Association. A comprehensive investigation is planned by the Kerala government after the Onam holidays, with preliminary reports from the sports department and GST team under consideration.