മരണത്തിലും മൂന്നുപേര്‍ക്ക് ജീവനായി പതിനാറുകാരന്‍ ആദില്‍. കോഴിക്കോട് സ്വകാര്യാശുപത്രിയില്‍ മസ്തിഷ്ക മരണം സംഭവിച്ച മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശി ആദിലിന്‍റെ അവയവങ്ങളാണ് ദാനം ചെയ്തത്. കോഴിക്കോട് സ്വകാര്യാശുപത്രിയിലും മെഡിക്കല്‍ കോളജിലും ചികിത്സയിലുള്ള രോഗികള്‍ക്കാണ് വൃക്കയും കരളും പകുത്തുനല്‍കിയത്.

തുടങ്ങും മുമ്പേ പൊഴിഞ്ഞപോയ ജീവന്‍ കൊണ്ട് മൂന്നുപേര്‍ക്ക് തണലേക്കിയാണ് ആദിലിന്‍റെ മടക്കം. വെള്ളിയാഴ്ചയാണ് വാഹനാപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ ആദിലിനെ കോഴിക്കോട് സ്വകാര്യാശുപത്രിയില്‍പ്രവേശിപ്പിച്ചത്. ആദില്‍ ജീവിതത്തിലേക്ക് മടങ്ങിവരാന്‍ സാധ്യതയില്ലെന്ന തിരിച്ചറിഞ്ഞ കുടുംബം അവയവദാനത്തിന് സന്നദ്ധരാവുകയായിരുന്നു. ഇതോടെ മരണം കൊണ്ടും ജീവിതത്തില്‍ മനുഷ്യത്വത്തിന്‍റെ മുഖമായി മാറി ആദില്‍.

ബൈക്കും കാറും കൂട്ടിയിടിച്ചായിരുന്നു അപകടം.   ഒപ്പമുണ്ടായിരുന്ന സുഹൃത്ത് സംഭവസ്ഥലത്തുവെച്ച് മരിച്ചു. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ ആദിലിനെ കോഴിക്കോട് സ്വകാര്യാശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഇന്നലെ രാത്രിയോടെ മസ്തിഷ്ക മരണം സംഭവിക്കുകയായിരുന്നു. കരള്‍ ഇതേ ആശുപത്രിയിലെ രോഗിയ്ക്കാണ് പകുത്തുനല്‍കിയത്. വൃക്കകള്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലെയും സ്വകാര്യാശുപത്രിയിലെയും രോഗികളിലും വെച്ചുപിടിക്കും. ഇന്നലെ രാത്രിയോടെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി  രാവിലെയാണ് അവയവങ്ങള്‍ മറ്റിടങ്ങളിലേക്ക് കൊണ്ടുപോയത്.

ENGLISH SUMMARY:

Adil's organ donation has saved three lives after a tragic road accident. This selfless act of giving, despite his young age and untimely death, brings hope and life to others in need.