ബേപ്പൂർ മണ്ഡലത്തിലെ സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീൺകുമാറിന്റെ പരാമർശത്തെ വിമർശിച്ച് പി.വി അൻവർ. ചതിച്ചതാരാണെന്ന് അറിയാൻ മഷിയിട്ട് നോക്കേണ്ട, ഉത്തരവാദിത്തപ്പെട്ടവർ തന്നെ വിളിച്ചു പറഞ്ഞു എന്നാണ് പി.വി അൻവർ പറഞ്ഞത്. ബേപ്പൂരിലെ തോൽവിയെക്കുറിച്ചുള്ള കെ. പ്രവീൺകുമാറിന്റെ വിഡിയോ പങ്കുവെച്ച് ഫെയ്സ്ബുക്കിലൂടെയായിരുന്നു അൻവറിന്റെ പ്രതികരണം. 

ബേപ്പൂരിലെ ജനങ്ങളും സഖാക്കളും തന്നെ വിജയിപ്പിച്ചപ്പോൾ പരാജയപ്പെടുത്തിയത് ചേർത്തുനിർത്താൻ ബാധ്യതപ്പെട്ടവർ തന്നെയാണെന്ന് അൻവർ. പ്രതിപക്ഷ നേതാവിനും കുടുംബാംഗങ്ങൾക്കും എതിരെ കഴിഞ്ഞ ദിവസങ്ങളിൽ ഉയർന്നുവരുന്ന വാർത്തകൾ കാണുമ്പോൾ ഒന്നരവർഷമായി താൻ നടത്തിയ പോരാട്ടത്തിന്റെ അർത്ഥവും സത്യവും പുറത്തുവരികയാണ്. പിണറായിസത്തിനും, മരുമോനിസത്തിനും, കുടുംബാധിപത്യത്തിനും എതിരായി താൻ നടത്തിയ ഒറ്റയാൾ പോരാട്ടമാണ് 102 സീറ്റിന്റെ ഉയരത്തിലേക്ക് ചവിട്ടിക്കയറാൻ യുഡിഎഫിനെ പ്രാപ്തമാക്കിയതെന്നും അൻവർ പറഞ്ഞു.

'ആ102 ൽ എനിക്ക് ഗുരുതുല്യമായവരും,അഭിവന്ദ്യരും സമാദരണീയരുമായ വ്യക്തിത്വങ്ങളുണ്ട്.അവരോടുള്ള ബഹുമാനം നിലനിർത്തിക്കൊണ്ട് തന്നെ പറയട്ടെ, പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ഒരു വാർഡിലേക്ക് മത്സരിച്ചാൽ പോലും കെട്ടിവെച്ച കാശ് തിരികെ ലഭിക്കാൻ സാധ്യതയില്ലാത്ത ബഹുഭൂരിപക്ഷം പേരും വിജയിച്ചത് ഇന്ന് പുറത്തു വന്നുകൊണ്ടിരിക്കുന്ന പിണറായിസത്തിൻ്റെ മുഖംമൂടി വലിച്ചുകീറി എൻ്റെ ആരോഗ്യവും ജീവനും സമ്പത്തും വകവക്കാതെയും, പരിഗണിക്കാതെയും,സ്ഥാനമാനങ്ങൾ ത്യജിച്ചും രാഷ്ട്രീയ ഭാവിക്കുവേണ്ടി ഒട്ടും അഡ്ജസ്റ്റ് ചെയ്യാതെയും പൊതുസമൂഹത്തിന്റെ മുന്നിൽ ഞാൻ തുറന്നു കാണിച്ചത് കൊണ്ടാണ് എന്ന് മറക്കരുത്.

മലർന്നു കിടന്നു തുപ്പുന്നവർ ഈ മുന്നണിയുമായി സഹകരിക്കാൻ ഭാവിയിലും തയ്യാറായേക്കാവുന്ന സംഘടനകൾക്കും വ്യക്തികൾക്കും രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്കും നൽകുന്ന സന്ദേശം എന്താണ് എന്നുകൂടി വ്യക്തമാക്കേണ്ടതുണ്ട്. തിരഞ്ഞെടുപ്പിന് ദിവസങ്ങൾക്കു മുമ്പ് പ്രചരണത്തിന് എത്തിയ നിലവിലെ മുഖ്യമന്ത്രി ഒരു യോഗത്തിൽ വച്ച് 'ബേപ്പൂരിൽ പി.വി അൻവറിനെ വിജയിപ്പിച്ചാൽ ബേപ്പൂരിന് ഒരു സമ്മാനമുണ്ട് ' എന്ന് പറഞ്ഞതിലൂടെ മന്ത്രിസ്ഥാനം സ്വപ്നം കണ്ടവരുടെ ഉറക്കം കെട്ടിരുന്നോ എന്നതും പുനഃപരിശോധിക്കേണ്ടതുണ്ട്,' അൻവർ കുറിച്ചു.

പ്രവീൺകുമാറിന്റെ പ്രസംഗം കണ്ടപ്പോൾ തനിക്ക് ബ്രൂട്ടസേ നീയും! എന്ന് തോന്നിയില്ലെന്നും പണ്ടേ തനിക്കിതൊക്കെ മനസിലായതാണെന്നും അദ്ദേഹം പറഞ്ഞു. ചതിയും പിന്നിൽ നിന്ന് കുത്തിയതും തന്നെ ഏറെ വേദനിപ്പിച്ചെന്നും തന്റെ നിശബ്ദമായ പിൻവാങ്ങലിന് കാരണം അതായിരുന്നുവെന്നും അൻവർ വ്യക്തമാക്കി. 

'ചേർത്തുപിടിക്കേണ്ടവരാൽ ചതിക്കപ്പെട്ടു എന്ന് ഈ സമൂഹത്തോട് വിളിച്ചു പറയാൻ എനിക്ക് ജാള്യതയുണ്ട്. അതെൻ്റെ ചരിത്രപരമായ പാരമ്പര്യത്തിൽ നിന്നും ഉണ്ടായിത്തീരുന്നതാണ്. 'ഞങ്ങൾ ചതിച്ചതു തന്നെ' എന്ന് വിളിച്ചു പറയാൻ  ഉളുപ്പില്ലാത്തവർ ഉണ്ടെങ്കിൽ ഇനിയും പറയട്ടെ. പക്ഷേ, രാവും പകലും ഇല്ലാതെ എൻ്റെ കൂടെ പ്രവർത്തിച്ച സാധാരണക്കാരായ പ്രവർത്തകരോടും, അവരുടെ കുടുംബങ്ങളോടും, കേരളത്തിലെ ജനാധിപത്യ വിശ്വാസികളോടും പിണറായിസത്തിനെതിരെ കൈകോർത്തു തോളോട് തോൾ ചേർന്ന് നിന്ന് പോരാടിയ സഖാക്കൾ അടക്കമുള്ള ആബാലവൃദ്ധം  ജനങ്ങളോടുമുള്ള നന്ദിയും കടപ്പാടും എന്നും എൻ്റെ മനസ്സിൽ സുദൃഢമായിരിക്കും,' അൻവർ പറഞ്ഞു. 

നിയമസഭാ തിരഞ്ഞെടുപ്പിൽ ബേപ്പൂരിൽ കോണി ചിഹ്നത്തിലോ കൈപ്പത്തി ചിഹ്നത്തിലോ മൽസരിക്കേണ്ടതായിരുന്നു എന്നാണ് കെ. പ്രവീൺകുമാർ പറഞ്ഞത്. അങ്ങനെയെങ്കിൽ ജില്ലയിലെ മുഴുവൻ സീറ്റുകളിലും ജയിക്കുമായിരുന്നുവെന്നും ആ സത്യം ഇപ്പോഴാണ് തിരിച്ചറിയുന്നതെന്നും പ്രവീൺകുമാർ പറഞ്ഞു. 

ENGLISH SUMMARY:

PV Anwar, a prominent Kerala politician, has voiced strong criticism following remarks by Kozhikode DCC President K. Praveen Kumar regarding the Beypore constituency candidature. Anwar alleges betrayal by those expected to support him, stating that the truth behind his struggle against alleged 'Pinarayism' and dynastic politics is now becoming apparent.