പി.എസ്.സി നിയമന തട്ടിപ്പില്‍ നടപടി കടുപ്പിച്ച് ലോക്ഭവന്‍. പി.എസ്.സി സെക്രട്ടറിയെ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ ആര്‍ലേക്കര്‍ വിളിച്ചുവരുത്തി പരീക്ഷാ തട്ടിപ്പിന്‍റെ വിശദാംശങ്ങള്‍ തേടി. പി.എസ്.സി ചെയര്‍മാന്‍ അറിയാതെയാണ് സെക്രട്ടറി ലോക്ഭവനിലെത്തിയത്. ഡി.ജി.പിയെ വിളിപ്പിച്ചതിന് പിന്നാലെയാണ് പി.എസ്.സി സെക്രട്ടറിയെയും ഗവര്‍ണര്‍ വിളിച്ചുവരുത്തിയത്. കൂടിക്കാഴ്ചയുടെ വിവരം പി.എസ്.സി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല
സംസ്ഥാന പൊലീസ് മേധാവിയെ ഗവർണർ വിളിച്ചുവരുത്തിയത് ശരിയല്ലെന്നും അതിലുള്ള വിയോജിപ്പ് സംസ്ഥാന സർക്കാർ ഗവർണറെ അറിയിക്കുമെന്നും മുഖ്യമന്ത്രി നേരത്തെ പ്രതികരിച്ചിരുന്നു. സംഭവത്തെ സർക്കാർ ശക്തമായി എതിർക്കും. ഡിജിപിയെ വിളിച്ചുവരുത്തുന്നതിനെതിരായ അതിശക്തമായ നിലപാട് യുഡിഎഫ് മുൻപും സ്വീകരിച്ചിട്ടുണ്ട്.
2018 ഒക്ടോബറിൽ ജസ്റ്റിസ് സദാശിവം ഗവർണറായിരുന്നപ്പോൾ അന്നത്തെ ഡിജിപി ലോക്നാഥ് ബെഹ്റയെ ലോക് ഭവനിലേക്കു വിളിപ്പിച്ചിരുന്നു.
2023 ഡിസംബറിൽ ഗവർണറുടെ കാർ എസ്എഫ്ഐ പ്രവർത്തകർ ആക്രമിച്ചതിന്റെ പേരിൽ ചീഫ് സെക്രട്ടറിയെയും ഡിജിപിയെയും വിളിപ്പിച്ചു. കേസെടുക്കാൻ നിർദേശം കൊടുത്തു. പിണറായി വിജയൻ മുഖ്യമന്ത്രിയായിരിക്കെ മലപ്പുറത്ത് നടത്തിയ വിവാദ പ്രസംഗത്തിന്റെ പേരിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ 2024 ഒക്ടോബർ 7ന് ചീഫ് സെക്രട്ടറിയെയും ഡിജിപിയെയും വിളിച്ചുവരുത്തി.
കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് സംസാരിച്ചപ്പോൾ ആദ്യമായിട്ടാണ് ഒരു ഉദ്യോഗസ്ഥനെ ലോക്ഭവനിലേക്കു വിളിച്ചുവരുത്തുന്നതെന്നാണു താൻ പോലും വിചാരിച്ചത്. നേരത്തേയും വിളിപ്പിച്ചിട്ടുണ്ട്. പ്രതിപക്ഷ നേതാവെന്ന നിലയിൽ മുൻപും താൻ വിയോജിപ്പ് അറിയിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.