കൃത്യമായ കാലാവസ്ഥാ മുന്നറിയിപ്പുകള്‍ മത്സ്യത്തൊഴിലാളികളിലേക്ക് എത്താതിരുന്നതാണ് ഓഖി ദുരന്തത്തിന്‍റെ ആഘാതം കൂട്ടിയതെന്ന് കാലാവസ്ഥാ ശാസ്ത്രജ്ഞൻ ഡോ. എസ്. അഭിലാഷ്. വിവരങ്ങൾ യഥാസമയം ജനങ്ങളിലേക്ക് എത്തിച്ചില്ലെങ്കിൽ 100% കൃത്യതയുള്ള പ്രവചനങ്ങൾക്ക് പോലും ഒരു മൂല്യവും ഉണ്ടാകില്ലെന്ന് ഡോ. എസ്. അഭിലാഷ് ഓർമിപ്പിക്കുന്നു. Also Read: മലയിടിയും, പക്ഷേ അത് ദുരന്തമാവാതെ നോക്കണം; അതാണ് ദുരന്തനിവാരണം
ഓഖി ദുരന്തം ഉണ്ടാകുന്ന സമയത്ത് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപ്പിക്കൽ മെറ്റീരിയോളജിയിലായിരുന്നു അഭിലാഷ്. അന്ന് അവർ വികസിപ്പിച്ചെടുത്ത 'എക്സ്റ്റെൻഡഡ് റേഞ്ച് പ്രെഡിക്ഷൻ സിസ്റ്റം' ശ്രീലങ്കയ്ക്ക് സമീപം ഒരു ചുഴലിക്കാറ്റ് രൂപപ്പെടാൻ 70 ശതമാനം സാധ്യതയുണ്ടെന്ന് ദുരന്തത്തിന് മൂന്ന് ആഴ്ച മുൻപ് തന്നെ കണ്ടെത്തിയിരുന്നു. നവംബർ 23ന് നൽകിയ ഇവരുടെ മുന്നറിയിപ്പിൽ നവംബർ 29-ഓടെ ഇത് ചുഴലിക്കാറ്റായി മാറുമെന്നും പ്രവചിച്ചിരുന്നു. എന്നാൽ, കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇത് ഔദ്യോഗികമായി ചുഴലിക്കാറ്റായി പ്രഖ്യാപിച്ചിട്ടില്ല എന്ന കാരണത്താൽ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ഈ വിവരങ്ങൾ ഗൗരവമായി എടുത്തില്ല.
കാലാവസ്ഥാ വകുപ്പ് 'ഡീപ് ഡിപ്രഷൻ' ഉണ്ടാകുമെന്നാണ് അറിയിച്ചിരുന്നത്. ഡീപ് ഡിപ്രഷൻ എന്നാൽ മണിക്കൂറിൽ 60 കിലോമീറ്റർ വേഗതയുള്ള കാറ്റാണ്. കാറ്റിന്റെ വേഗത 40 കിലോമീറ്ററിന് മുകളിലായാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകാൻ സാധിക്കില്ല, അതിനാല്‍ ഡീപ് ഡിപ്രഷൻ മുന്നറിയിപ്പ് ലഭിച്ചപ്പോൾ തന്നെ അവരെ കടലിൽ പോകുന്നതിൽ നിന്ന് തടയേണ്ടതായിരുന്നു. എന്നാൽ ഈ വിവരങ്ങൾ കൃത്യസമയത്ത് മത്സ്യത്തൊഴിലാളികളിലേക്ക് എത്തിക്കുന്നതിൽ വലിയ വീഴ്ചയുണ്ടായി... അഭിലാഷ് പറഞ്ഞു.
കൃത്യമായ മുന്നറിയിപ്പുകൾ ലഭിക്കാതിരുന്നതിനാൽ നവംബർ 29-ാം തീയതി രാത്രിയിലും 30-ാം തീയതി രാവിലെയുമായി മത്സ്യത്തൊഴിലാളികൾ കടലിലേക്ക് പോവുകയും ചുഴലിക്കാറ്റിന്റെ പരിധിയിൽ അകപ്പെടുകയുമാണുണ്ടായത്. ചുഴലിക്കാറ്റ് കേരള തീരത്ത് നേരിട്ട് വീശിയില്ല. എങ്കിലും തെക്കൻ തീരത്തുനിന്നും പോയ മത്സ്യത്തൊഴിലാളികളുടെ ഫിഷിങ് സോണിലൂടെയാണ് ഈ ചുഴലിക്കാറ്റ് കടന്നുപോയത്. ചുഴലിക്കാറ്റ് വരുന്ന വിവരം മുൻകൂട്ടി അറിഞ്ഞിരുന്നെങ്കിൽ അവർക്ക് ദുരന്തത്തിൽ നിന്നും രക്ഷപ്പെടാൻ സാധിക്കുമായിരുന്നെന്നും അഭിലാഷ് പറഞ്ഞു.