സിറോ മലങ്കര സഭാധ്യക്ഷന്‍ കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ളീമീസ് കാത്തോലിക്കാബാവ മെത്രാഭിഷേകത്തിന്‍റെ രജത ജൂബിലി നിറവില്‍.   ജൂബിലിയുടെ സമാപന ആഘോഷങ്ങള്‍ ഇന്ന് പട്ടം സെന്‍റ് മേരീസ് സ്കൂള്‍ ഗ്രൗണ്ടിലെ പ്രത്യേക വേദിയില്‍ രാവിലെ എട്ടര മുതല്‍ ആരംഭിക്കും. പൊതുസമ്മേളനം മുഖ്യമന്ത്രി വി.ഡി.സതീശന്‍ ഉദ്ഘാടനം ചെയ്യും. 

ഞാന്‍ നിന്നെ അനാഥനായി വിടില്ലെന്ന ദൈവവചനം ഹൃദയത്തോട് ചേര്‍ത്ത് വച്ച് സഭയ്ക്ക് മാത്രമല്ല സമൂഹത്തിന്‍റെ മുഴുവന്‍ നാഥനായി മാറിയ ഇടയശ്രേഷ്ഠന്‍. മലങ്കര കത്തോലിക്കാ സഭയുടെ അധ്യക്ഷന്‍ കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ളീമീസ് കാതോലിക്കാബാവയ്ക്ക്  ഇടയവഴികളില്‍ ധന്യമായ ഇരുപത്തഞ്ചാണ്ടുകള്‍. പത്തനംതിട്ടയിലെ മുക്കൂര്‍ എന്ന കൊച്ചുഗ്രാമത്തില്‍ നിന്ന് തുടങ്ങിയ കുഞ്ഞ് എന്നു വിളിപ്പേരുളള ഐസകിന്‍റെ ആത്മീയ യാത്ര. 42 ാം വയസില്‍ 2001 ഓഗസ്റ്റ് 15 ന് ഫാ.ഐസക് തോട്ടുങ്കല്‍ ഐസക് മാര്‍ ക്ളീമീസ് എന്ന പേരില്‍  മെത്രാനായി അഭിഷിക്തനായി. വിശ്വാസവും വിവേകവും ധീരമായ നിലപാടുകളും നേതൃപാടവും ഒരുപോലെ ശോഭിച്ച രണ്ടര പതിറ്റാണ്ട്.    പറയേണ്ടതൊക്കെയും പറയേണ്ട സമയത്ത് പറഞ്ഞ ആര്‍ജ്ജവത്തിന്‍റെ പേരുകൂടിയാണ് മാര്‍ ക്ളീമീസ്. 

മേജര്‍ ആര്‍ച്ച് ബിഷപായും കര്‍ദ്ദിനാളായും ഉയര്‍ത്തപ്പെട്ടു.സഭയിലും സമുദായത്തിലും സമൂഹത്തിലും രാഷ്ട്രീയ നേതൃത്വങ്ങള്‍ക്കിടയിലും  പലപ്പോഴും അനുരഞ്ജനത്തിന്‍റെ പാലമായി. കാലാകാലങ്ങളില്‍ സുതാര്യമായ രാഷ്ട്രീയ നിലപാടുകള്‍ പറഞ്ഞുവച്ചു. കേന്ദ്രത്തിൻ്റെ എഫ്സിആര്‍എ ഭേദഗതയിലടക്കം സഭയുടെ ആശങ്കകള്‍ ഉറച്ചു പറയാനും മടിച്ചില്ല. സഭയുടേയും സമൂഹത്തിന്‍റേയും കാവല്‍ വിളക്കായി ആ വിശ്വാസ യാത്ര തുടരുകയാണ്. രജതശോഭയോടെ..... 

ENGLISH SUMMARY:

Cardinal Mar Baselios Cleemis is celebrating his silver jubilee of episcopal consecration. The head of the Malankara Catholic Church has completed twenty-five blessed years as a shepherd, impacting not just the church but society as a whole.