പുലിക്കളിയെപ്പറ്റിയുള്ള പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് നടൻ വി.കെ.ശ്രീരാമൻ. പുലിക്കളി കലാകാരന്മാർക്കും അതിനോടു ബന്ധപ്പെട്ടവർക്കും തന്‍റെ അഭിപ്രായപ്രകടനവും അനുചിതമായ പദപ്രയോഗങ്ങളും മനോവിഷമം ഉണ്ടാക്കിയെന്ന് മനസ്സിലാക്കുന്നു. അഭിപ്രായപ്രകടനം പക്വത ഉള്ളതായില്ലെന്നും ഫെയ്സ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ ശ്രീരാമന്‍ പറയുന്നു.
‘തൃശൂരിലെ പുലിക്കളി യഥാർത്ഥത്തിൽ ഒരു സിങ്കിൾ തീം കാർണിവെൽ ആണ്. കാസർകോടൻ പുലിക്കളി ഒരു മാർഷൽ ആർട്ട് ഫോം ആണ്. കായികത കലർന്ന കലാരൂപം. പരിശീലനവും മെയ് വഴക്കവും വേണ്ടത്. കാർണിവെല്ലിന് അതൊന്നും ആവശ്യമില്ല. പ്രത്യക്ഷം സ്പെക്ടക്കിൾ സൃഷ്‌ടിക്കുക എന്നതാണ് പ്രധാനം. ഈ നൃത്ത കലാരൂപത്തെ കുറെക്കൂടി മനോഹരമാക്കാനുള്ള ശ്രമങ്ങൾ കലാകാരന്മാരുടെയും സംഘാടകരുടെയും ഭാഗത്തു നിന്നു ഉണ്ടാവട്ടെ എന്നാണെന്‍റെ ആശംസ.’– വി.കെ.ശ്രീരാമന്‍ ഫെയ്സ്ബുക്കില്‍ കുറിപ്പില്‍ വ്യക്തമാക്കി.
തൃശൂരിന്‍റെ തനത് കലാരൂപവും ഓണാഘോഷങ്ങളുടെ പ്രധാന ആകർഷണവുമായ പുലിക്കളിക്കെതിരെ വി.കെ.ശ്രീരാമൻ ഫെയ്സ്ബുക്കിൽ പങ്കുവെച്ച കുറിപ്പില്‍ വ്യാപക വിമര്‍ശനമാണുണ്ടായത്. ‘കണ്ടാൽ ഓക്കാനം വരുന്ന കലാ വൈകൃതം’ എന്നാണ് പുലിക്കളിയെ നടന്‍ വിശേഷിപ്പിച്ചത്. പുരുഷന്മാർ വയറും മാറും വളർത്തി പുലിക്കളിക്കായി ഒരുങ്ങുന്നത് രൂപ വൈകൃതമാണെന്നും, കലയുടെ പേരിൽ ഇത്തരത്തിലുള്ള വൈകൃതങ്ങളെ ഉപയോഗിക്കുന്നത് ആഭാസമാണെന്നും വി.കെ.ശ്രീരാമന്‍ കുറിച്ചു.
അതേസമയം, തൃശൂരിന്‍റെ സാസ്‌കാരിക പെരുമയിലും ലോക ടൂറിസം ഭൂപടത്തിലും സവിശേഷ സ്ഥാനമുള്ള പുലിക്കളിയെ അധിക്ഷേപിച്ച നടനെതിരെ പുലിക്കളി സംഘങ്ങളും സാംസ്കാരിക പ്രവർത്തകരും ഉൾപ്പെടെയുള്ളവർ കടുത്ത വിമർശനവുമായി രംഗത്തെത്തിയി. തങ്ങളുടെ കരുത്തും കൂട്ടായ്മയുമായ കലാരൂപത്തെ മോശമായി ചിത്രീകരിക്കുകയും ബോഡി ഷെയ്മിങ് നടത്തുകയുമാണ് ശ്രീരാമൻ ചെയ്തതെന്ന് അവർ ആരോപിച്ചു.
പുലിക്കളി കേവലമൊരു വിനോദമല്ലെന്നും, പലർക്കും ഇതൊരു ജീവിതമാർഗ്ഗം കൂടിയാണെന്നുമാണ് വിമർശകർ ചൂണ്ടിക്കാട്ടുന്നു. തലമുറകളായി പുലിക്കളിയെ ആശ്രയിച്ചു ജീവിക്കുന്ന നിരവധി കലാകാരന്മാരുടെ വികാരങ്ങളെയാണ് പരാമർശം വ്രണപ്പെടുത്തിയതെന്നും വിമര്‍ശനമുണ്ട്. ഒപ്പം സിനിമയിൽ കഥാപാത്രത്തിന് വേണ്ടി ശരീരഭാരം കൂട്ടുകയും കുറയ്ക്കുകയും ചെയ്യാറുള്ള നടന്മാർക്ക് ഇത്തരമൊരു വിമർശനം ഉന്നയിക്കാൻ എന്ത് ധാർമ്മിക അവകാശമാണുള്ളതെന്ന ചോദ്യവും ഉയരുന്നുണ്ട്.
വി.കെ.ശ്രീരാമന്റെ അഭിപ്രായത്തോട് വിയോജിപ്പ് പ്രകടമാക്കി കേന്ദ്രമന്ത്രി സുരേഷ് ഗോപിയും രംഗത്തെത്തി. പുലികളി കലാകാരന്മാർ ത്യാഗം സഹിക്കുന്നവരാണെന്നും അവർക്ക് പ്രത്യേക കരുതൽ വേണമെന്നും സുരേഷ് ഗോപി പറഞ്ഞു. വി.കെ.ശ്രീരാമന്‍ പുലിക്കളി കലാകാരന്മാരെ അധിക്ഷേപിച്ചതിൽ സങ്കടമുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു.