മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ ടി.വീണ ഹവാല ചാനലുകളിലൂടെ പണം കൈമാറിയത് ആര്‍ക്ക്? 85 ലക്ഷം രൂപ വീണ ദുബായിലേക്ക് മാറ്റിയത് ആര്‍ക്കുവേണ്ടി? വീണയുടെ ഡയറിയിൽ നിന്ന് ഇരുപത് കോടിയിലേറെ രൂപയുടെ ഇടപാടുകളെക്കുറിച്ചാണ് ഇഡിക്ക് വിവരം ലഭിച്ചത്. സിഎംആർഎൽ- എക്‌സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട് മേയ് 27-ന് നടത്തിയ പരിശോധനയിലാണ് നിർണായക വിവരങ്ങൾ ലഭിച്ചത്.

ടി.വീണ കൈപ്പടയിൽ എഴുതി സൂക്ഷിച്ചിരുന്ന ഡയറി റെയ്ഡിൽ പിടിച്ചെടുത്തിരുന്നു. വിവിധ വ്യക്തികളുടെ പേരുകൾ, കൈകാര്യം ചെയ്ത തുക, ദുബായിലേക്ക് കൈമാറിയ പണം തുടങ്ങിയ വിവരങ്ങളാണ് ഡയറിയിൽ ഉണ്ടായിരുന്നത്. യു.എ.ഇ ദിർഹത്തിലും, ഇന്ത്യൻ രൂപയിലുമുള്ള കണക്കുകളാണ് രേഖപ്പെടുത്തിയിരുന്നു. ഇത് പ്രകാരം ദുബായിലേക്ക് കൈമാറിയത് ഏകദേശം 85 ലക്ഷം രൂപയ്ക്ക് തുല്യമായ 3.49 ലക്ഷം ദിർഹമാണ്. ഡയറിയിൽ രേഖപ്പെടുത്തിയിരിക്കുന്നത് 20.05 കോടിയുടെ കണക്കുകളാണ്. 

തുക വീണയുടെ അറിയപ്പെടുന്ന വരുമാന സ്രോതസ്സുകളേക്കാൾ കൂടുതലാണെന്നും, സി.എം.ആർ.എല്ലിൽ നിന്ന് ലഭിച്ച 2.78 കോടിക്ക് പുറമെയാണെന്നും ഇ.ഡി വിലയിരുത്തുന്നു. പിടിച്ചെടുത്ത ഡിജിറ്റൽ ഉപകരണങ്ങളിൽ നിന്ന് മറ്റൊരാളുടെ പേരിൽ എടുത്ത സിം കാർഡിന്റെ ചിത്രവും കണ്ടെത്തി. വൈഫൈ റൂട്ടറിൽ ഉപയോഗിക്കുന്നതിനും, ഇന്റർനെറ്റ് അധിഷ്ഠിത കോളുകൾക്കായുമാകാം ഈ സിം ഉപയോഗിച്ചതെന്ന് ഇ.ഡി സംശയിക്കുന്നുണ്ട്.

ഡയറിയിൽ പേരുള്ള വ്യക്തികൾ, സിം കാർഡ് നൽകിയ ആൾ എന്നിവരുടെ വീടുകളിലാണ് ഇന്നലെ ഇ.ഡി പരിശോധന നടത്തിയത്. കോഴിക്കോട്ട് ഒന്‍പത് ഇടത്ത് നടത്തിയ പരിശോധനയിൽ നിരവധി ഡിജിറ്റൽ ഉപകരണങ്ങൾ പിടിച്ചെടുക്കുകയും, ബന്ധപ്പെട്ടവരുടെ മൊഴികൾ രേഖപ്പെടുത്തുകയും ചെയ്തു. പണം ഹവാല ചാനലുകൾ വഴി കൈമാറിയതുമായി ബന്ധപ്പെട്ട തെളിവുകളും കണ്ടെത്തി. ഈ ഡിജിറ്റൽ തെളിവുകളുടെ വിശദ പരിശോധന ഇന്ന് തുടങ്ങിയേക്കും. മുഹമ്മദ് റിയാസിൻ്റെ അടുപ്പക്കാരുടെ വീടുകളിലായിരുന്നു പരിശോധന. ഇവരെ ചോദ്യം ചെയ്യുന്നതിലൂടെ കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്നാണ് സൂചന. അതുകൊണ്ടുതന്നെ ഇവർക്ക് സമൻസയക്കാനുള്ള നടപടികളിലേക്കും ഇഡി കടക്കുകയാണ്.

അതേസമയം, ഇ.ഡി റെയ്ഡില്‍ രാഷ്ട്രീയ പ്രതിരോധം തീര്‍ക്കാന്‍ ഒരുങ്ങുകയാണ് സി.പി.എം. ഇതിന്‍റെ ഭാഗമായി കോഴിക്കോട് മുതലക്കുളത്ത് രാഷ്ട്രീയ വിശദീകരണ യോഗം സംഘടിപ്പിക്കും. 23ന് നടക്കുന്ന യോഗത്തില്‍ സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ പങ്കെടുക്കും. ഇന്നലെ ചേര്‍ന്ന കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് യോഗം, വിഷയം ചര്‍ച്ച ചെയ്തു. തുടര്‍ന്നാണ് രാഷ്ട്രീയമായി വിഷയത്തെ നേരിടാനും അണികളോട് വിശദീകരിക്കാനുമുള്ള തീരുമാനം.

ENGLISH SUMMARY:

The Enforcement Directorate has launched a probe into financial transactions linked to Veena, daughter of former Chief Minister Pinarayi Vijayan, regarding an alleged transfer of 85 lakh rupees to Dubai. Officials recovered a personal diary during recent raids detailing transactions exceeding twenty crore rupees that surpass known income sources. Investigators also discovered a SIM card registered under another name, which is suspected to have been used for encrypted internet-based communication. Meanwhile, the ruling CPM has announced plans to organize a political convention to challenge these ongoing enforcement actions.